ബ്രിങ്ക് ഇന്ത്യ നിക്ഷേപം :ഹാർഡ്‌വേർ, ഐഒടി സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം

Posted on: January 29, 2020

കൊച്ചി : സംസ്ഥാനത്തെ ഹാർഡ്‌വേർ, ഇൻറർനെറ്റ് ഓഫ് തിംഗ്‌സ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായുള്ള ബ്രിങ്ക് ഇന്ത്യയുടെ നിക്ഷേപ സഹായത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ആഗോള സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് ഓരോന്നിനും രണ്ടര ലക്ഷം അമേരിക്കൻ ഡോളർ (1.79 കോടി രൂപ) നിക്ഷേപം നൽകും.

കേരള സ്റ്റാർട്ടപ്പ് മിഷൻ, മേക്കർ വില്ലേജ് എന്നിവയുമായി ബ്രിങ്ക് ഇന്ത്യയ്ക്കുള്ള സഹകരണത്തിൻറെ ഭാഗമായാണ് നിക്ഷേപ സഹായം നൽകുന്നത്. ആദ്യ ബാച്ചിൽ മേക്കർവില്ലേജിൽ ഇൻകുബേറ്റ് ചെയ്ത രണ്ട് കമ്പനികൾക്ക് സഹായം ലഭിച്ചിരുന്നു.

താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾ http://bit.ly/2M2MVF4. എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 15 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ ഇവയാണ്.

ഉത്പന്നത്തിൻറെ പ്രവർത്തനക്ഷമമായ മാതൃകയോ അല്ലെങ്കിൽ സാങ്കേതികത്തികവോ അവതരിപ്പിക്കാൻ സാധിക്കണം. വ്യാവസായിക പരിചയമുള്ള രണ്ട് സഹസ്ഥാപകർ വേണം മികച്ച വളർച്ചാ സാധ്യതയുള്ള വാണിജ്യമാതൃകയായിരിക്കണം. പദ്ധതി കാലയളവിൽ സ്റ്റാർട്ടപ്പ് സംഘത്തിലെ ഒരാളെങ്കിലും കൊച്ചിയിൽ ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാർട്ടപ്പിനും മൂന്ന് ഘട്ടങ്ങളായാണ് നിക്ഷേപം നൽകുന്നത്. ആദ്യ ഘട്ടത്തിൽ 40,000 ഡോളറും, രണ്ടാം ഘട്ടത്തിൽ 80,000 ഡോളറും അവസാന ഘട്ടത്തിൽ 1,30,000 ഡോളറുമാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ 12.25 ശതമാനം മുതൽ 22.42 ശതമാനം വരെ ഓഹരി ബ്രിങ്കിന് സ്വന്തമാകും.

നിക്ഷേപത്തിനു പുറമെ, വിദഗ്‌ധോപദേശം, മറ്റ് നിക്ഷേപക ശൃംഖലകളുമായുള്ള സഹകരണം, പരിശീലനം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആശയത്തിൽ നിന്ന് മാതൃക നിർമ്മിക്കാനും വാണിജ്യ ഉത്പദാനത്തിനും പ്രത്യേകം സഹായം നൽകും.

ആദ്യ ഘട്ടത്തിൽ ഉത്പന്നത്തിൻറെ പ്രാരംഭ വികസനത്തിനും വിപണി മൂല്യം കണക്കാക്കുന്നതിനുമാണ് നിക്ഷേപം ലഭിക്കുന്നത്. ബ്രിങ്കിൻറെ അനുഭവസമ്പത്ത് ഈ ഘട്ടത്തിൽ സംരംഭകർക്ക് ഏറെ സഹായകരമാകും.

രണ്ടാം ഘട്ടത്തിൽ ഉത്പന്നത്തിന്റെ അവസാനഘട്ട വികസനവും വിപണിക്കനുയോജ്യമായ രീതിയിലുള്ള ഡിസൈനിംഗുമാണ് പ്രധാനം. ഉത്പന്നത്തിനാവശ്യമായ ഔദ്യോഗിക രേഖകൾ തയ്യാർ ചെയ്യുന്നതും ഈ ഘട്ടത്തിലാണ്.

ചെറിയ ബാച്ചുകളിലായി ഉത്പന്നം വിപണിയിലേക്കിറക്കുന്നതാണ് അവസാനഘട്ടം. വിൽപന, ലോജിസ്റ്റിക്‌സ്, വിപണി പ്രവേശനം എന്നിവയെല്ലാം അവസാന ഘട്ടത്തിലാകും.