മലപ്പുറത്ത് നിന്നുള്ള വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍ ഇനി യൂറോപ്യന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും

Posted on: November 8, 2023

മലപ്പുറം : യൂറോപ്യന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍വെല്‍ വിദ്യാഭ്യാസ ടെക് സ്റ്റാര്‍ട്ടപ്പ്. ആഗോളവിപുലീകരണത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു അവസാനവട്ട ചര്‍ച്ചക്ക് ഒരുങ്ങുകയാണെന്ന് ഇന്റര്‍വെല്‍ സ്ഥാപകനും സി ഇ ഒയുമായ ഒ.കെ സനാഫിര്‍ പറഞ്ഞു. യൂറോപ്പിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം 300 ചതുരശ്രയടിയുള്ള നിലവിലെ ഓഫീസില്‍ നിന്നും സ്വന്തമായി നിര്‍മ്മിച്ച 30,000 ചതുരശ്രയടിയുള്ള ആറു നിലകളുള്ള ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പ്രവര്‍ത്തനം തുടങ്ങുകയാണ് ഇന്റര്‍വെല്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് ഗ്രാമീണ ചുറ്റുപാടില്‍ ആരംഭിച്ച ഒരു സ്റ്റാര്‍ട്ടപ്പ് സ്വന്തമായി നിര്‍മ്മിക്കുന്ന ആസ്ഥാനമന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

2021 ല്‍ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീന്‍ അസ്ലഹ് തടത്തില്‍, നാജിം ഇല്ല്യാസ് എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍വെല്‍ എന്ന ആശയം നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന ലക്ഷ്യം വെച്ചാണ് ഇന്റെര്‍വെലിന്റെ ആരംഭം. ഇന്റര്‍വെലിനെ പരമ്പരാഗത എഡ്ടെക് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യതിരിക്തമായ വണ്‍-ടു-വണ്‍ ലൈവ് ട്യൂട്ടറിംഗ് മോഡലാണ്. ഈ സവിശേഷ സംവിധാനത്തില്‍, ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ നല്‍കുന്നു. വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്റര്‍വെലിനെ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു ശക്തിയായി മാറാന്‍ സഹായിച്ചിട്ടുള്ളത്.

അടുത്തിടെ വടക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ നഗരവും ഫിന്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരവുമായ ടാംപെറില്‍ നടന്ന ആഗോള എക്സ്പീരിയന്‍സ് ടാംപെരെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യയിലെ നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പ് ആയിരുന്നു ഇന്റര്‍വെല്‍. ഫിന്‍ലന്‍ഡിലെ സാമ്പത്തികകാര്യ മന്ത്രാലയം ആരംഭിച്ച ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയില്‍ സിറ്റി ഓഫ് ടാംപെരെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്റര്‍വെല്‍ പങ്കെടുത്തു ആശയങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം.

ഇന്റര്‍വെല്‍ എഡുവിന്റെ വിജയം അതിന്റെ അധ്യാപന മാതൃകയില്‍ മാത്രം ഒതുങ്ങുന്നില്ല. 4,000-ലധികം അധ്യാപകരുടെ ശക്തമായ നിര തന്നെ ഇതിനു പിന്നിലുണ്ട്. ഇതില്‍ 97 ശതമാനവും സ്ത്രീകളാണ്. പഠനശേഷം അധ്യാപകരാകാന്‍ സാധിക്കാതെ വരുന്ന ധാരാളം വീട്ടമ്മമാരായ അധ്യാപകരാണ് ഇന്റര്‍വെലിന്റെ ശക്തി. കൂടാതെ 250-ലധികം തൊഴിലാളികളും കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഈ പ്ലാറ്റ്‌ഫോം നിലവില്‍ 30 രാജ്യങ്ങളിലായി 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കി വരുന്നു.