സ്റ്റാര്‍ട്ടപ്പ് മിഷന്‍ പൊതുസംഭരണ ഉച്ചകോടി 26 ന്

Posted on: April 8, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉത്പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അതിവേഗം പ്രയോജനപ്പെടുത്താനാവുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവണ്‍മെന്റ് (ബി2ജി) ഉച്ചകോടിക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വേദിയൊരുക്കുന്നു.

ഏപ്രില്‍ 26, ചൊവ്വാഴ്ച മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ‘പൊതുസംഭരണ ഉച്ചകോടി 2022’ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന കണ്ടെത്തലുകള്‍ക്ക് കരുത്താകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുമായി സംവദിച്ച് ആവശ്യകതകള്‍ മനസ്സിലാക്കി ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കാനാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവരുടെ ആവശ്യകതകള്‍ സ്റ്റാര്‍ട്ടപ്പുകളെ ധരിപ്പിച്ച് ഉത്പ്പന്നങ്ങളും സേവനങ്ങളും സംഭരിക്കുകയും ചെയ്യാം. സര്‍ക്കാര്‍ വകുപ്പുകളില്‍ കെഎസ് യുഎമ്മിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ സോണുകള്‍ രൂപീകരിക്കാനും ഉച്ചകോടി വഴിതെളിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രയോജനകരമായ നൂതന പ്രതിവിധികള്‍ ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവതരിപ്പിക്കുമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബി2ജി സമ്മേളനങ്ങളിലൊന്നാണിത്. സ്റ്റാര്‍ട്ടപ്പുകളും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള വിടവ് നികത്തി ഇടപെടലുകള്‍ നടത്തുന്നതിന് ഇതിലൂടെ കഴിയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിനിധികളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബന്ധം സ്ഥാപിക്കുന്നതിനും സഹായകമാകും.

നയപരമായ ഇടപെടലുകള്‍ക്കും പദ്ധതികളുടെ പ്രഖ്യാപനത്തിനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനും ഉച്ചകോടി വേദിയാകും. രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് സംഭരണ മാതൃകകള്‍ മനസ്സിലാക്കാനാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉത്പ്പന്നങ്ങള്‍ വില്‍ക്കാവുന്ന ‘ഗവണ്‍മെന്റ് ആസ് എ മാര്‍ക്കറ്റ്‌പ്ലേസ്’ എന്ന പദ്ധതി നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് https://pps.startupmission.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

2017 ലെ സംസ്ഥാന ഐടി നയത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള പൊതുസംഭരണം നിയമവിധേയമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മികച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപയുക്തമാക്കാനാകും. ഇരുപതു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ നേരിട്ടും ഒരു കോടി രൂപവരെയുള്ളവ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെണ്ടര്‍ സ്വീകരിച്ചും നടപ്പിലാക്കാം.

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും പന്ത്രണ്ടിലധികം കോടി രൂപയുടെ 135 സംഭരണങ്ങള്‍ ‘ഗവണ്‍മെന്റ് ആസ് എ മാര്‍ക്കറ്റ്‌പ്ലേസ്’പദ്ധതിക്ക് കീഴിലായി ഇതുവരെ വിജയകരമായി നടന്നിട്ടുണ്ട്. രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയാണിതെന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും (ഡിപിഐഐടി) വിലയിരുത്തിയ ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.