കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോയില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ജേതാക്കളായി

Posted on: March 28, 2022

തിരുവനന്തപുരം : രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മുന്നേറ്റത്തിനുള്ള പ്രധാന വേദിയായ ‘കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ 2022’ ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ട്രോണ്‍കാര്‍ട്ട് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും റിയോഡ് ലോജിക്കും ജേതാക്കളായി.

ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ത്രിദിന എക്‌സ്‌പോയിലെ ഐഐടി പാറ്റ്‌ന ഇന്‍കുബേഷന്‍ സെന്ററിന്റെ പിച്ചിംഗ് മത്സരത്തിലാണ് ട്രോണ്‍കാര്‍ട്ട് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം സ്ഥാനവും റിയോഡ് ലോജിക് രണ്ടാം സ്ഥാനവും നേടിയത്.

ട്രോണ്‍കാര്‍ട്ടിന് സമ്മാന തുകയായ ഒരു ലക്ഷം രൂപയ്ക്കു പുറമേ ഐഐടി പൂനെയിലെ ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേഷന് അവസരവും ലഭിക്കും. റിയോഡ് ലോജിക്കിനും ഇന്‍കുബേഷന് അവസരം ലഭിക്കും.

കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോയുടെ ഇരുപത്തിയൊന്‍പതാം പതിപ്പിന്റെ ഭാഗമായി നടന്ന നോര്‍ത്ത് സ്റ്റാര്‍ ദുബായ് പിച്ചിംഗ് മത്സരത്തില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളായ ചാര്‍ജ് മോഡും ലെ ഓറിയോണ്‍ പ്രൈവറ്റ് ലിമിറ്റഡും അവസാന റൗണ്ടിലെത്തി. ഇതില്‍ ഒന്നാം സ്ഥാനത്തെത്തുന്ന സ്റ്റാര്‍ട്ടപ്പിന്റെ രണ്ടു പ്രതിനിധികള്‍ക്ക് ദുബായ് നോര്‍ത്ത് സ്റ്റാര്‍ എക്‌സ്‌പോയിലേക്കുള്ള യാത്ര സ്‌പോണ്‍സര്‍ ചെയ്യപ്പെടും.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്റെ കരുത്തും മികവുമാണ് എക്‌സ്‌പോയില്‍ ജേതാക്കളായ സ്റ്റാര്‍ട്ടപ്പുകള്‍ അവതരിപ്പിച്ച പ്രതിവിധികള്‍ വ്യക്തമാക്കുന്നതെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നേടാനായി. നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ബിസിനസുകള്‍ക്കും അവസരം ലഭിച്ചത് നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു വിഭാഗങ്ങളിലായുള്ള മത്സരങ്ങളിലേക്ക് രാജ്യത്തുനിന്നും ഏകദേശം 15 സ്റ്റാര്‍ട്ടപ്പുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ രണ്ടു മത്സരങ്ങളുടെ അവസാന റൗണ്ടിലെത്താന്‍ സംസ്ഥാനത്തെ നാലു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞു.

വിവിധ മേഖലകളിലുള്ള 22 കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഇവയ്ക്ക് നെറ്റ് വര്‍ക്കിങ്ങിനും നിക്ഷേപകരുമായുള്ള ആശയവിനിമയത്തിനും അവസരം ലഭിച്ചു.

2018 ല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് അനീസ് അഹമ്മദ്, പ്രതീഷ് വി നായര്‍, അനീഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ട്രാണ്‍കാര്‍ട്ട,് ‘ഫ്‌ളോ’ സ്മാര്‍ട്ട് മീറ്ററിംഗ് സംവിധാനമാണ് ലഭ്യമാക്കുന്നത്. അങ്കമാലി കേന്ദ്രീകരിച്ച് അഖില്‍ ജോയും അനീഷ് പികെയും 2017 ല്‍ ആരംഭിച്ച റിയോഡ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സെന്‍സറുകളും തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള റിയോഡ് ലൈവ് പ്ലാറ്റ് ഫോമുമാണ് പ്രദാനം ചെയ്യുന്നത്.