കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ടിയടെക്കില്‍ 3 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപവുമായി മലയാളി

Posted on: March 21, 2022

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടിയടെക്ക് ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജീസ് ബോട്‌സ്വാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകനില്‍ നിന്നും 3 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നേടി.

ഡിജിറ്റല്‍ ആരോഗ്യ സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ചു ആരോഗ്യ പരിരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടിയടെക്കില്‍ ഇന്ത്യയിലും വിദേശത്തും മരുന്ന് നിര്‍മ്മാണം-ആശുപത്രി മേഖലകളിലെ സംരംഭകനായ ബാലറാം ഒറ്റപത്താണ് നിക്ഷേപം നടത്തിയത്.

ഡോ. രമേഷ് മാധവനും ജിതിന്‍ രഞ്ജിത്തും ചേര്‍ന്ന് തൃശൂര്‍ ആസ്ഥാനമായി ആരംഭിച്ചxടിയടെക്ക് ഇന്ത്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്കായി എച്ച്‌ഐഎസ് സൊലൂഷന്‍സ്, ടെലി മെഡിസിന്‍, ഇന്‍ഷുറന്‍സ്, ബില്ലിംഗ് കേന്ദ്രീകൃത പ്രതിവിധികളാണ് ലഭ്യമാക്കുന്നത്.

ആരോഗ്യപരിരക്ഷാ മേഖലയില്‍ മൂല്യവര്‍ദ്ധിത സംവിധാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള പരിശ്രമത്തിന് നിക്ഷേപം മുതല്‍ക്കൂട്ടാകുമെന്ന് ടിയടെക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും സ്ഥാപകനുമായ രമേഷ് മാധവന്‍ പറഞ്ഞു. ടിയടെക്കിന്റെ നിക്ഷേപ സമാഹരണത്തിനുള്ള ഏയ്ഞ്ചല്‍ റൗണ്ടിലും ബാലറാം പങ്കെടുത്തിരുന്നു. വിപണനം, വിദഗ്ധ സംഘ രൂപീകരണം ഉള്‍പ്പെടെയുള്ള സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് തുക വിനിയോഗിക്കും. താങ്ങാവുന്ന നിരക്കില്‍ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനും ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനും സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്‌സ്വാനയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ചോപ്പീസ് ഗ്രൂപ്പ് സിഇഒ രാമചന്ദ്രന്‍ ഒറ്റപത്തിന്റെ മകനാണ് ബാലറാം. ആരോഗ്യപരിരക്ഷാ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കുന്ന നിക്ഷേപമാണിതെന്ന് ബാലറാം ചൂണ്ടിക്കാട്ടി.

2015 ല്‍ സ്ഥാപിച്ച ടിയടെക്കിന് തൃശൂര്‍, കൊച്ചി, ബെംഗലൂരു, അമേരിക്ക എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.