ദേശീയ ശാസ്ത്രദിനത്തില്‍ ‘റിങ്ക് ഡെമോഡേ’ യുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Posted on: March 1, 2022

കൊച്ചി : ദേശീയ ശാസ്ത്രദിനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വാണിജ്യ സാധ്യതയുള്ള ഗവേഷണ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള റിങ്ക് ഡെമോ ഡേ നടത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ ഗവേഷണ ഉത്പന്നങ്ങളുടെ വാണിജ്യ സാധ്യത ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരള അഥവാ റിങ്ക്.

ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നൂതന കണ്ടുപിടുത്തങ്ങളാണ് റിങ്ക് ഡെമോഡേയിലൂടെ വാണിജ്യ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

പൈനാപ്പിള്‍ ചെടിയുടെ ഇലകളില്‍ നിന്ന് വസ്ത്രങ്ങളുണ്ടാക്കുന്ന യന്ത്രം, നാട്ടില്‍ വ്യാപകമായി കാണപ്പെടുന്ന നമ്പീശന്‍ പുല്ല് അല്ലെങ്കില്‍ പൂച്ചവാലന്‍ പുല്ല് എന്ന ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന സ്‌ട്രോ, കറന്‍സി അണുരഹിതമാക്കുന്ന മെഷീന്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, രക്തയോട്ടം കൂട്ടാനും പ്രമേഹം കുറയ്ക്കാനുമുള്ള ആയുര്‍വേദ ടോണിക്, വാഴകളിലെ തണ്ടു തുരപ്പനെ തടയാനുള്ള ജൈവ കാപ്‌സ്യൂള്‍, ചെടികളിലെ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള നാനോ പൊടി, പഴങ്ങളും പച്ചക്കറികളും കേടു വരാതെ പാക്ക് ചെയ്യാനുള്ള നാനോസീല്‍ എന്നിവയാണ് ഡെമോ ഡേയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

സര്‍ സിവി രാമന് നോബല്‍ സമ്മാനം ലഭിച്ച രാമന്‍ ഇഫക്ട് കണ്ടുപിടിച്ച ദിനമാണ് ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. ഗവേഷണ ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം ത്വരിതപ്പെടുത്തുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംരംഭകത്വം വളര്‍ത്താന്‍ സാധിക്കും. അതു വഴി നിത്യജീവിതത്തിനുതകുന്ന ഉത്പന്നങ്ങളില്‍ ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്ര സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് റിങ്കിന്റെ ലക്ഷ്യം.