ഫിന്‍സാള്‍ 12 കോടിയുടെ നിക്ഷേപം സമാഹരിച്ചു

Posted on: February 10, 2022

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതി പ്രകാരം വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ ഫിന്‍സാള്‍ സ്റ്റാര്‍ട്ടപ്പ് 12 കോടി രൂപയുടെ നിക്ഷേപം നേടി. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, സീ ഫണ്ട്, എയ്ഞ്ചല്‍ ഫണ്ട് കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് നിക്ഷേപ സമാഹരണം സംഘടിപ്പിച്ചത്.

സാധാരണക്കാരന്റെ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഫിന്‍സാള്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഭീമമായ പ്രീമിയം ഒറ്റത്തവണയായി അടയ്ക്കുമ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുതകുന്നതാണ് ഫിന്‍സാളിന്റെ പ്രവര്‍ത്തനം.

കമ്പനിയുടെ ശൈശവ ദശയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇനോവേഷന്‍ ഗ്രാന്റ് സ്‌കീം പ്രകാരം നല്‍കിയ ആറ് ലക്ഷം രൂപ കൃതജ്ഞതാ സൂചകമായി ഫിന്‍സാള്‍ തിരികെ നല്‍കിയിട്ടുണ്ട്. മികച്ച ഉയരങ്ങള്‍ കണ്ടെത്താന്‍ ഫിന്‍സാളിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ് യുഎം വൃത്തങ്ങള്‍ ആശംസിച്ചു.