സീഡിംഗ് കേരളയില്‍ 80 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം

Posted on: February 10, 2022

കൊച്ചി : എയ്ഞ്ചല്‍ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തുന്നതിനും അതു വഴി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സീഡിംഗ് കേരള ഉച്ചകോടിയില്‍ 80 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം. ഉച്ചകോടിയില്‍ പങ്കെടുത്ത 13 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഈ നിക്ഷേപം ആകര്‍ഷിച്ചത്.

രണ്ട് ദിവസമായി ഹൈബ്രിഡ് മാതൃകയില്‍ നടന്നു വന്ന സീഡിംഗ് കേരളയില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി 46 നിക്ഷേപകരാണ് പങ്കെടുത്തത്. ഇതു കൂടാതെ 30 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, 36 സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, ഹൈനെറ്റ്വര്‍ത്ത് വ്യക്തികള്‍ എന്നിവരും പങ്കെടുത്തു.

ബംബെറി, കുക്ക്ഡ്, സഫയര്‍, ഷിപ്‌നെക്സ്റ്റ്, ഷോപ് കണക്ട്, ഹൈറോ, ടിയാ, ആസ്‌ട്രെക് ഇനോവേഷന്‍സ്, മെസെഞ്ചെറിഫൈ, പ്രീമാജിക്, ഫിന്‍സാള്‍, അഗ്‌നികുല്‍, യുബിഫ്‌ളൈ എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വിജയിച്ചത്.

സ്‌പെഷ്യാല്‍ ഇന്‍വെസ്റ്റ് ഫണ്ട്, സീഫണ്ട്, കേരള എയ്ഞ്ജല്‍ നെറ്റ് വര്‍ക്ക്, മലബാര്‍ എയ്ഞജല്‍ നെറ്റ് വര്‍ക്ക്, ഇന്ത്യന്‍ എയ്ഞജല്‍ നെറ്റ് വര്‍ക്ക്, ഐഎഎന്‍ എന്നീ ഫണ്ടുകളും വികെ മാത്യൂസ്, രവീന്ദ്രനാഥ് കമ്മത്, നവാസ് മീരാന്‍, രാജേഷ് പടിഞ്ഞാറേമഠം എന്നീ ഹൈനെറ്റ്വര്‍ത്ത് വ്യക്തികളുമാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയത്.

നഷ്ടസാധ്യത കുറഞ്ഞ ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപ പദ്ധതികളുടെ വിജയം കണക്കിലെടുത്ത് പുതിയ പദ്ധതിയ്ക്കായുള്ള അപേക്ഷ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഇതിനായുള്ള താത്പര്യപത്രവും പുറത്തിറക്കി.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്റെ വിവിധ വശങ്ങള്‍ സീഡിംഗ് കേരളയിലെ വിവിധ പാനലുകള്‍ വിശദമായി ചര്‍ച്ച ചെയ്തു. നിക്ഷേപകര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കി.

ബഹിരാകാശ സാങ്കേതിക വിദ്യ, ലാബില്‍ നിന്ന് വിപണിയിലേക്ക്, മാനവവിഭവ ശേഷിയില്‍ സാങ്കേതികവിദ്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ രണ്ടാം ദിനം വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബഹിരാകാശ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിച്ചു ചാട്ടത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ചര്‍ച്ചകള്‍. കേരളത്തിനകത്തും പുറത്തുനിന്നുമായി 30 ഓളം വിദഗ്ധരാണ് വിവിധ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്.