കേരള സ്റ്റാര്‍ട്ടപ് മിഷനും മലബാര്‍ കാന്‍സര്‍ സെന്ററും ധാരണാപത്രം ഒപ്പിട്ടു

Posted on: January 17, 2022

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യയും സേവനവും ഉപയോഗപ്പെടുത്തി കാന്‍സര്‍ പരിചരണവും ചികിത്സയും ശക്തിപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) മലബാര്‍ കാന്‍സര്‍ സെന്ററുമായി (എംസിസി) ധാരണയായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി.സതീശനും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ജോണ്‍ എം. തോമസും ഒപ്പുവച്ചു.

കാന്‍സര്‍ ഗവേഷണം, അനുബന്ധ സേവനങ്ങളുടെയും സാങ്കേതികവിദ്യയുടെയും വികസനം, ക്ലിനിക്കല്‍ മൂല്യനിര്‍ണ്ണയം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.

ഇന്‍കുബേഷന്‍ സെന്ററുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി സ്റ്റാര്‍ട്ടപ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിലുള്ള കെഎസ്യുഎമ്മിന്റെ കരുത്ത് കാന്‍സര്‍ പരിപാലന സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന് ഊര്‍ജ്ജം പകരും. കാന്‍സര്‍ ഗവേഷണത്തിനുള്ള മെഡിക്കല്‍ ഇന്‍കുബേറ്റര്‍ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മേഖലയിലെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് ജോണ്‍ എം. തോമസ് പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എംസിസിയുടെ മെഡിക്കല്‍ വൈദഗ്ധ്യം മുതല്‍ക്കൂട്ടാകും. ആര്‍ട്‌സ്, സയന്‍സ്, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് സംരംഭങ്ങള്‍ രൂപീകരിക്കാനും പ്രശ്‌നപരിഹാരം നടത്താനും സ്റ്റാര്‍ട്ടപ് മിഷന് കഴിയും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടിംഗും ലഭ്യമാക്കുകയും ചെയ്യും.

ഇന്‍കുബേറ്ററിന് പൊതുവായ ഗവേഷണ, പരിശോധനാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. അവരെ മാര്‍ഗനിര്‍ദേശക ശൃംഖലയിലും മൂലധന നിക്ഷേപകര്‍, എച്ച്എന്‍ഐകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടിംഗ് സ്രോതസ്സുകളിലേക്കും ബന്ധിപ്പിക്കും. നൂതന പ്രതിവിധികള്‍ ദേശീയതലത്തിലും ആഗോളതലത്തിലും വിപണനം ചെയ്യുന്നതിന് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവ നേരത്തേ നിര്‍ണയിക്കാനും ചികിത്സ ലഭ്യമാക്കാനും കഴിയണമെന്ന് ഡോ.ബി.സതീശന്‍ പറഞ്ഞു. ഇതിലൂടെ ഇത്തരം അര്‍ബുദങ്ങളാലുള്ള രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കാനാകും. എംസിസി ഇടപെടാന്‍ ആഗ്രഹിക്കുന്ന മറ്റൊരു മേഖലയാണ് സെര്‍വിക്കല്‍ കാന്‍സറുകളുടെ നിര്‍മാര്‍ജനം. സെര്‍വിക്കല്‍ കാന്‍സറിനുള്ള പരിശോധനയും ചികിത്സയും ജനങ്ങള്‍ക്കരികിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അങ്ങനെ ആശുപത്രി സന്ദര്‍ശനങ്ങള്‍ വഴിയുള്ള അസ്വാസ്ഥ്യം കുറയ്ക്കാനാകും.

സസ്യ ത?ാത്രകളെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കാനും എംസിസിക്ക് പദ്ധതിയുണ്ട്. കേരളത്തിലെ ജൈവവൈവിധ്യം വളരെ വലുതാണ്. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ധാരാളം സസ്യ ഉല്‍പ്പന്നങ്ങളുണ്ട്. ഈ സസ്യ ഉല്‍പ്പന്നങ്ങളില്‍ ചിലത് കാന്‍സര്‍ കൈകാര്യം ചെയ്യുന്നതില്‍ ഉപയോഗപ്രദമാകാനുള്ള സാധ്യതയുമുണ്ട്. രോഗനിര്‍ണയം വേഗത്തിലാക്കാനും പിശകുകള്‍ കുറയ്ക്കാനും ആശ്രയിക്കാവുന്ന നിര്‍മ്മിത ബുദ്ധി ആണ് മറ്റൊരു സാധ്യതയുള്ള മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ കെഎസ്യുഎമ്മും എംസിസിയും സഹകരിച്ച് കാന്‍സറിനെക്കുറിച്ചുള്ള ഗവേഷണ, ചികിത്സാ മേഖലകളില്‍ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയുകയും ചികിത്സയ്ക്കും ക്ലിനിക്കല്‍ മൂല്യനിര്‍ണയത്തിനും ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.

അര്‍ബുദത്തെ കേന്ദ്രീകരിച്ചുള്ള ഇന്‍കുബേറ്ററാണ് ബ്രിക്. ഇത് ഓങ്കോളജിസ്റ്റുകളെയും സാങ്കേതിക വിദഗ്ധരെയും ഒരുമിപ്പിച്ച് നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയത്തിനുമുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കും. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലാണ് ഇന്‍കുബേറ്റര്‍ സ്ഥിതിചെയ്യുന്നത്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് 2006 ല്‍ കെഎസ്യുഎം സ്ഥാപിതമായത്. രജിസ്റ്റര്‍ ചെയ്ത 3100 ലധികം സ്റ്റാര്‍ട്ടപ്പുകള്‍, 10 ലക്ഷത്തിലധികം ചതുരശ്ര അടി ഇന്‍കുബേഷന്‍ സ്‌പേസ്, 40 ലധികം ഇന്‍കുബേറ്ററുകള്‍, 300 ലധികം ഇന്നൊവേഷന്‍ സെന്ററുകള്‍ എന്നിവ കെഎസ്യുഎമ്മിനു കീഴിലുണ്ട്.

തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എംസിസി കാന്‍സര്‍ ചികിത്സയില്‍ സമഗ്രമായ പരിപാലനം പ്രദാനം ചെയ്യുന്ന സ്ഥാപനമാണ്. കേരളത്തിന്റെ വടക്കന്‍ മേഖലയിലും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയും (മാഹി) ജനങ്ങള്‍ക്ക് ആവശ്യമായ കാന്‍സര്‍ പരിചരണം എംസിസി നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.