ഫാം ഫ്രഷ് സോണില്‍ യൂനിസ് സോഷ്യല്‍ ബിസിനസ് ഫണ്ട് നിക്ഷേപം

Posted on: December 31, 2021

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അഗ്രി ടെക് സ്റ്റാര്‍ട്ടപ്പായ ഫാം ഫ്രഷ് സോണില്‍(ഫാര്‍മേഴ്‌സ് സീ) പ്രശസ്തമായ യൂനുസ് സോഷ്യല്‍ ബിസിനസ് ഫണ്ട് (വൈഎസ്ബി)നിക്ഷേപം നടത്തി. നോബെല്‍ സമ്മാന ജേതാവായ ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. മുഹമ്മദ് യൂനുസിന്റെ സംഘടനയാണിത്. ചെറുകിട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുകയും ഉപഭോക്താക്കള്‍ക്ക് വിഷരഹിത കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് ഫാര്‍മേഴ്‌സ് സീ എന്ന സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്. നിക്ഷേപ തുക കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല.

കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളിലേക്കെത്തിക്കുയാണ് ഫാര്‍മേഴ്‌സ് സീ ചെയ്യുന്നത്. 2000 ഓളം കര്‍ഷകര്‍ ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലെ 5 പ്രധാന നഗരങ്ങളിലാണ് ഈ ആപ്പിന്റെ സേവനം ലഭ്യമാകുന്നത്. വര്‍ഷം തോറും 15 മുതല്‍ 20 ശതമാനം വരെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും 2016 ല്‍ തുടക്കമിട്ട ഈ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഫാര്‍മേഴ്‌സ് സീ സ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസ് പറഞ്ഞു.

വൈഎസ്ബിയില്‍ നിന്നുള്ള നിക്ഷേപം ഉപയോഗിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും. ഫാര്‍മേഴ്‌സ് സീയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമായാണ് ഈ നിക്ഷേപത്തെ കാണുന്നത്. വിശദമായ പരിശോധനകള്‍ക്കും വിശകലനത്തിനും ശേഷമാണ് വൈഎസ്ബി നിക്ഷേപ തീരുമാനമെടുത്തത്. ഇതു ആത്യന്തികമായ പ്രയോജനപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണെന്നും പ്രദീപ് ചൂണ്ടിക്കാട്ടി.

ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനോടൊപ്പം 24 മണിക്കൂറിനുള്ളില്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതു വഴി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുകയും ഫാര്‍മേഴ്‌സ് സീ ചെയ്യുന്നുണ്ടെന്ന് വൈഎസ്ബി എംഡിയും സിഇഒയുമായ സുരേഷ് കൃഷ്ണ പറഞ്ഞു. ഈ മാതൃക വിപുലീകരിക്കാനും ദക്ഷിണേന്ത്യയില്‍ മുഴുവന്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കാനും ഇവര്‍ക്ക് സാധിക്കുമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കാലത്ത് പോലും 400 ശതമാനം വളര്‍ച്ച കൈവരിച്ചതു തന്നെ ഈ സംരംഭത്തിന്റെ വിപണി പ്രാധാന്യത്തിന് തെളിവാണെന്ന് പ്രശസ്ത എയ്ഞജല്‍ നിക്ഷേപകന്‍ നാഗരാജ പ്രകാശം പറഞ്ഞു. പ്രാദേശിക കര്‍ഷകനില്‍ നിന്ന് പ്രാദേശിക ഉപഭോക്താവിലേക്ക് എന്ന വിപണന നയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.