കോര്‍ണറില്‍ ഇന്ത്യന്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്ക് നിക്ഷേപം

Posted on: December 20, 2021

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സംരംഭമായ കോര്‍ണറില്‍ നിക്ഷേപവുമായി ഐഎഎന്‍ ഫണ്ട്. സോഫ്റ്റ് വെയര്‍ സേവന വിഭാഗത്തില്‍ പെടുന്ന ഈ സംരംഭത്തില്‍ അരക്കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.

കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഉപഭോക്താവിലേക്കെത്തുന്നതിനു(ഡി2സി) വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങളാണ് കോര്‍ണര്‍ നല്‍കുന്നത്. കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗവും ഉപഭോക്തൃ സേവനങ്ങളും മെച്ചപ്പെടുത്താന്‍ ഈ നിക്ഷേപ പദ്ധതികള്‍ ഉപകരിക്കുമെന്ന് സഹസ്ഥാപകന്‍ ജോവിസ് ജോസഫ് പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ബംഗളുരുവിലെ വിദ്യാര്‍ത്ഥികളായിരിക്കെ 2019 ല്‍ അരുണ്‍ അഗസ്റ്റിനൊപ്പമാണ് ജോവിസ് ഈ സംരംഭം ആരംഭിച്ചത്. ഡി2സി സേവനങ്ങള്‍ക്ക് ബൗദ്ധിക ഉപഭോക്തൃ വിവര പ്ലാറ്റ്‌ഫോമാണ് ഇവര്‍ നല്‍കുന്നത്. 18 ലക്ഷത്തോളം ഉപഭോക്താക്കളുള്ള ഷോപ്പിഫൈ പോലുള്ള ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ ഇവരുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഉപഭോക്തൃ സേവനങ്ങളെ ജനാധിപത്യവത്കരിക്കുക എന്ന ലക്ഷ്യമാണ് കോര്‍ണറിനുള്ളതെന്ന് ജോവിസ് ജോസഫ് പറഞ്ഞു. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വിപണിയിലെ വമ്പന്‍മാരായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുമായി മത്സരിക്കാന്‍ ചെറുകിട കമ്പനികള്‍ക്ക് അവസരം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.