സ്ത്രീകള്‍ക്ക് സമത്വത്തോടൊപ്പം പങ്കാളിത്തവും അനിവാര്യം- കെഎസ് യുഎം വനിത സംരംഭക ഉച്ചകോടി

Posted on: December 20, 2021

കൊച്ചി : വനിതകളിലെ സംരംഭകത്വം വളര്‍ത്തുന്നതിന് സമത്വത്തോടൊപ്പം സാമ്പത്തിക പങ്കാളിത്തവും അനിവാര്യമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ മൂന്നാമത് വുമണ്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി അഭിപ്രായപ്പെട്ടു. ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ വനിതസംരംഭക ധനസഹായത്തിന് ഒമ്പത് കമ്പനികള്‍ അര്‍ഹരായി.

മികച്ച ആശയങ്ങള്‍ക്കും ഉത്പന്ന രൂപകല്‍പനകള്‍ക്കുമാണ് വനിത സംരംഭക ധനസഹായം നല്‍കുന്നത്. ബീന പിഎസ്(ഒമിസ്‌ജെന്‍ ലൈഫ്‌സയന്‍സസ് പ്രൈ. ലിമിറ്റഡ്), സോണിയ മോഹന്‍ദാസ്(വേഫര്‍ചിപ്‌സ് ടെക്‌നോ സൊല്യൂഷന്‍സ് പ്രൈ. ലിമിറ്റഡ്) മറിയം വിധു വിജയന്‍(ക്രിന്‍ക് പ്രൈ. ലിമിറ്റഡ്), സുനിത ഫൈസല്‍ (സെലിബീസ് ടെക്‌നോളജീസ്) നിമിഷ ജെ വടക്കന്‍(ഏസ്വെയര്‍ ഫിന്‍ടെക്), നിസരി(ഹബ് വേഡ്‌സ് പ്രൈ. ലിമിറ്റഡ്), അശ്വതി വേണുഗോപാല്‍(അവസരശാല പ്രൈ. ലിമിറ്റഡ്), ജീഷ് വെണ്‍മാരത്ത്(സി-ഡിസ്‌ക്), ഡോ. ശില്‍പ പി എ(നാനോഗ്രാഫ്) എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ഗ്രാന്റായി ലഭിക്കും.

അഡി. സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രാം സിഎംഡി ഡോ. ഉഷ ടൈറ്റസ് ഐഎഎസ്(റിട്ട.) പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളായതു കൊണ്ട് ഇളവുകള്‍ ലഭിക്കുമെന്ന് ചിന്തിക്കാതെ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംരഭങ്ങള്‍ മുന്നോട്ടു വയ്ക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ യുഗത്തില്‍ അതിരുകളില്ലാത്ത അവസരങ്ങളാണ് വനിതകള്‍ക്ക് മുന്നിലുള്ളതെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. എച് സി എല്‍ ടെകിന്റെ കോര്‍പറേറ്റ് വൈസ്പ്രസിഡന്റ് ശ്രീമതി ശിവശങ്കര്‍, ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ പരിശീലകന്‍ ഷുഏദ് മഹിനെ തുടങ്ങിയ പ്രമുഖരും സംസാരിച്ചു.

രണ്ട് ദിവസമായി നടന്ന ഉച്ചകോടിയില്‍ വനിതകള്‍ക്ക് മാത്രമായി ഇനോവേഷന്‍ ചലഞ്ച്, എന്നിവ ഒരുക്കിയിരുന്നു. റൈസ് ടു ഈക്വല്‍-പോസ്റ്റ് പാന്‍ഡമിക് ഇറ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ ഇന്ത്യയ്ക്കകത്തും വിദേശങ്ങളില്‍ നിന്നുമുള്ള സംരംഭക-സാമ്പത്തിക-സാങ്കേതിക മേഖലകളില്‍ പെട്ട നാല്‍പതോളം വിദഗ്ധരാണ് ഉച്ചകോടിയില്‍ സംസാരിച്ചത്.

15, 16 തിയതികളില്‍ നടന്ന ഉച്ചകോടിയില്‍ ബുധനാഴ്ച വുമണ്‍ ഒണ്‍ട്രപ്രണേഴ്‌സ് നെറ്റ് വര്‍ക്കിംഗ് മീറ്റ് നടന്നു. ഐശ്വര്യ ഡോംഗ്രേ ഐപിഎസ് (ഡെ. കമ്മീഷണര്‍, കൊച്ചി) ഷീല കൊച്ചൗസേപ്പ്(വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപക) തുടങ്ങിയ പ്രമുഖര്‍ സംരംഭകരെ അഭിസംബോധന ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള വനിത സംരംഭകരുമായി ആശയവിനിമയം നടത്താനും വിദഗ്‌ധോപദേശം തേടാനുമുള്ള മികച്ച അവസരമാണ് ഈ ഉച്ചകോടിയിലൂടെ കൈവന്നത്. സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ പരിചയിക്കുന്നതിനോടൊപ്പം നൂതനത്വം, അന്താരാഷ്ട്ര ബന്ധങ്ങളും അവസരങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ വനിതകളില്‍ അവബോധം വളര്‍ത്തുകയെന്നതും ഉച്ചകോടിയുടെ ലക്ഷ്യമായിരുന്നു.