എങ്ങും തൊടാതെ മാസ്‌ക് കയ്യില്‍ കിട്ടാനുള്ള യന്ത്രവുമായി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ്

Posted on: October 21, 2021

കൊച്ചി : സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ തുറക്കുമ്പോള്‍ അധികൃതര്‍ നേരിടാന്‍ പോകുന്ന പ്രധാനപ്രശ്‌നമായിരിക്കും മാസ്‌കെന്നത്. ബാലസഹജമായ അശ്രദ്ധയെ ഒരു പരിധിവരെ മറികടക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങളുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനിയായ വിഎസ്ടി ഐഒടി സൊല്യൂഷന്‍സ് രംഗത്തെത്തിയിരിക്കുന്നത്.

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന മാസ്‌ക്, എവിടെയും കൈതൊടാതെ ക്യൂആര്‍ കോഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മാസ്‌ക് വെന്‍ഡിംഗ് മെഷീന്‍, 24 മമണിക്കൂര്‍ വൈറസിനെ തുരത്തുന്ന ശുചീകരണ ലായനി എന്നിവയാണ് വിഎസ്ടി പുറത്തിറക്കിയത്. നാനോ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന മാസ്‌കില്‍ എവിടെയെങ്കിലും വൈറസ് പതിഞ്ഞാല്‍ അഞ്ച് സെക്കന്റിനുള്ളില്‍ ഇത് നശിച്ചു പോകും. മുംബൈയിലെ ബിടിഎസ് ലാബോറട്ടറിയിലാണ് ഇതിന്റെ പരീക്ഷണം നടന്നത്.

എവിടെയും കൈ തൊടാതെ പ്രവര്‍ത്തിക്കുന്ന മാസ്‌ക് വെന്‍ഡിംഗ് മെഷീന്‍ വിദ്യാലയങ്ങളില്‍ ഏറെ ഗുണം ചെയ്യും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതിലൂടെ പണം നല്‍കുകയും മാസ്‌ക് ലഭിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. വിദ്യാലയങ്ങള്‍ക്ക് പുറമെ സിനിമാഹാളുകള്‍, ഹോട്ടലുകള്‍,പാര്‍ക്ക്, ഷോപ്പിംഗ് മാളുകള്‍, ഫാക്ടറികള്‍, ഐടി പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഇതു ഉപയോഗപ്പെടുത്താം.

കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണക്കാരെ നിയമിക്കാനൊരുങ്ങുകയാണ്.