ഗള്‍ഫ് രാജ്യങ്ങളില്‍ ചുവടുറപ്പിക്കാന്‍ കെഎസ്യുഎം ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പ് ‘ഷോപ്‌ഡോക്’

Posted on: September 30, 2021

കൊച്ചി : ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന് ഗുണമേന്‍മയേറിയ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ്യുഎം) ഇന്‍കുബേറ്റ് ചെയ്ത് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പ് ഷോപ്‌ഡോക് മൂന്ന് പ്രത്യേക സേവനങ്ങള്‍ ആരംഭിച്ചു. രോഗികളുടെ ആവശ്യകത മനസ്സിലാക്കി ഡോക്ടര്‍മാരെ ലഭ്യമാക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആപ്ലിക്കേഷനാണ് ഷോപ്‌ഡോക്.

മദ്ധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖല എന്നിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ ബൃഹദ് സമ്മേളനമായ ജിടെക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് 2021ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്റ്റാര്‍ട്ടപ്പുകളിലൊന്നാണിത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് സമ്മേളനം നടക്കുക.

ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ക്കാവശ്യമായ ആശുപത്രി സേവനങ്ങള്‍ പൂര്‍ണമായി രോഗിയുടെ ആവശ്യത്തിനനുസൃതമായി ലഭ്യമാക്കുന്ന മൊബീഡ്‌കെയര്‍ ഫാമിലി കെയര്‍, ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍വിഭാഗത്തിന് വ്യക്തിഗത മാനസികാരോഗ്യ പിന്തുണയേകുന്ന വെര്‍ച്വല്‍ മെന്റര്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് ക്ലിനിക് യു ഓകെ?, ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് സമൂഹത്തിന് അനുയോജ്യമായ ഡയറ്റും ഫിറ്റ്‌നെസ് പരിപാടികളും വിഭാവനം ചെയ്യുന്ന എഫ്ഫൗണ്ടേഴ്‌സ് എന്നിവയാണ് ഷോപ്‌ഡോക് ആരംഭിച്ച മൂന്ന് വ്യത്യസ്ത ആരോഗ്യപരിരക്ഷാ സേവനങ്ങള്‍.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ പരിരക്ഷാസേവനങ്ങള്‍ക്ക് ഷോപ്‌ഡോക് തുടക്കമിട്ടതില്‍ സന്തോഷമുണ്ടെന്ന് കെഎസ്യുഎം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ ജോണ്‍ എം തോമസ് പറഞ്ഞു. ദുബായില്‍ നടക്കുന്ന ജിടെക്‌സ് ഫ്യൂച്ചര്‍ സ്റ്റാര്‍സില്‍ കമ്പനി പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യാന്തര തലത്തിലെ രോഗികളില്‍ നിന്നുമുള്ള അന്വേഷണങ്ങളില്‍ ഗള്‍ഫ് മലയാളികളില്‍ നിന്നാണ് കൂടുതല്‍ അന്വേഷണങ്ങളും ലഭിക്കുന്നതെന്ന് ഷോപ്‌ഡോക് സ്ഥാപകനും സിഇഒയുമായ ശിഹാബ് മകനിയില്‍ പറഞ്ഞു. നിലവില്‍ ഇവിടുത്തെ സേവനം സ്വീകരിക്കുന്ന ചിലരുടെ ഗള്‍ഫിലെ ബന്ധുക്കള്‍ ആരോഗ്യ കാര്യങ്ങളില്‍ വളരെ ആശയക്കുഴപ്പത്തിലാണ്. ഈ നിഗമനത്തിലാണ് അത്തരക്കാര്‍ക്കായി സേവനങ്ങള്‍ വിപുലീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഷോപ്‌ഡോക്കിന്റെ മൂന്ന് സ്ഥാപകരും മുന്‍പ് ദുബായില്‍ ദീര്‍ഘകാലം താമസിച്ചിട്ടുള്ളവരാണ്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസ സമൂഹത്തിന്റെ ആരോഗ്യപരിരക്ഷാ സേവനങ്ങളുടെ ആവശ്യകത കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഷോപ്‌ഡോക് സഹസ്ഥാപകനും സിഒഒയുമായ റാസിക് അഷ്‌റഫ് പറഞ്ഞു. മദ്ധ്യപൂര്‍വേഷ്യയിലെ ഒരു പ്രധാന ഐസിടി കമ്പനിയിലും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഐടി വകുപ്പിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2020 സെപ്തംബറില്‍ കേരളത്തിലും സൗത്ത് കര്‍ണാടകത്തിലുമായി തുടക്കമിട്ട ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പിന് 2,500 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 175 മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികളും 20 രോഗനിര്‍ണയ ശൃംഖലകളും ഉപഭോക്താക്കളായുണ്ട്. ആയിരക്കണക്കിന് രോഗികളെയാണ് ചികിത്സകള്‍ക്കായി ഓരോ ആഴ്ചയും റെഫര്‍ ചെയ്യുന്നത്.

കൂടുതല്‍ പേരെ അതിവേഗം പിന്തുണയ്ക്കുന്നതിന് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്ന ആരോഗ്യപരിരക്ഷാ സ്റ്റാര്‍ട്ടപ്പാണിതെന്ന് സഹസ്ഥാപകനും സിടിഒയുമായ സഹിദ് മകനിയില്‍ പറഞ്ഞു. ആരോഗ്യപരിരക്ഷാ സേവന ദാതാക്കളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, രോഗികളുടെ മികച്ച പ്രതികരണം നേടുക, ചികിത്സാ ചെലവ് കുറച്ചുകൊണ്ടുവരിക എന്നിവയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

www.shopdoc.in ലും മൊബൈലിലും ഷോപ്‌ഡോക്കിന്റെ പേഷ്യന്റ് ആപ്ലിക്കേഷന്‍ വെബ് വേര്‍ഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങളും രോഗികള്‍ക്ക് കൂടുതല്‍ ചോയിസുകളും പ്രദാനം ചെയ്യുന്ന ഷോപ്‌ഡോക്ക് ആപ്ലിക്കേഷന്‍ സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും.