ഗൂഗിള്‍ ആക്‌സിലറേറ്റര്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് കൊകോ ഗെയിംസ്

Posted on: September 27, 2021

കൊച്ചി : സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഡീ ഗെയിംസ് ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കൊകോ ഗെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഷത്തിലൊരിക്കല്‍ ആഗോളതലത്തില്‍ നടത്തുന്ന ഈ പരിപാടിയില്‍ ഇന്ത്യയില്‍ നിന്നും കേവലം രണ്ട് സ്റ്റാര്‍ട്ടപ്പുകളെ മാത്രമാണ് തെരഞ്ഞെടുത്തത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വിദഗ്‌ധോപദേശം, നിക്ഷേപം, ലോകോത്തര സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ഹ്രസ്വകാല പരിപാടികയാണ് ആക്‌സിലറേറ്റര്‍.

നാല് മാസമാണ് ആക്‌സിലറേറ്റര്‍ പരിപാടി നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗൂഗിളിന്റെ വിദഗ്ധ സംഘവുമായി ആശയവിനിമയം നടത്താനും വിദഗ്‌ധോപദേശം തേടാനും ഗൂഗിള്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യാനും അവസരമുണ്ടാകും. ഇതിനു പുറമേ തങ്ങളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയും.

മുഹമ്മദ് അബൂബക്കര്‍, അജ്മല്‍ ജമാല്‍, കപില്‍ പി എന്നിവര്‍ ചേര്‍ന്നാണ് കൊകോ ഗെയിംസ് ആരംഭിച്ചത്. ഗെയിമിംഗ് മേഖലയില്‍ എട്ടു വര്‍ഷം പരിചയസമ്പന്നത ഉള്ളവരാണ് കൊകോ ഗെയിംസിലെ പ്രധാനികള്‍. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈകോമ്പിനേറ്ററില്‍ പങ്കെടുത്തയാളാണ് മുഹമ്മദ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ഇന്‍കുബേറ്റര്‍ പരിപാടിയായാണ് വൈകോമ്പീറ്റര്‍ അറിയപ്പെടുന്നത്. ഇദ്ദേഹം ആരംഭിച്ച ആദ്യ കമ്പനി 2015 ല്‍ ഫ്രഷ് വര്‍ക്ക്‌സ് ഏറ്റെടുത്തിരുന്നു.

ആയിരക്കണക്കിന് അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് അബൂബക്കര്‍ പറഞ്ഞു. മൊബൈല്‍ ഗെയിമിങ് കമ്പനിയായതിനാല്‍ തന്നെ ഗൂഗിള്‍ സേവനങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഗൂഗിളിലേക്ക് ഇത്തരമൊരു വഴി തുറന്നു കിട്ടുന്നതിലൂടെ കമ്പനി പുതിയ ദിശയിലേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ ആരംഭിച്ച കൊക്കോ ഗെയിംസ് ഇതിനകം 5 ഗെയിമുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഒരു കോടി ആളുകള്‍ ഇത് കളിക്കുന്നുണ്ട്. വാര്‍ട്രൂപ്പ്‌സ് 1917 എന്ന ഗെയിമിനു മാത്രം 1,40,000 റിവ്യൂകള്‍ ഉണ്ട്.

ഏകദേശം 74 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷികവരുമാനം. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ ടെക്‌നോളജി ഇനോവേഷന്‍ സോണിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.