അഞ്ച് വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടുന്നു -മുഖ്യമന്ത്രി ഡിജിറ്റല്‍ ഹബ് നാടിന് സമര്‍പ്പിച്ചു

Posted on: September 27, 2021

കൊച്ചി : അഞ്ച് വര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ ആരംഭിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ് നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ ത്വരിത സാമ്പത്തികവളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗത്തിന് കരുത്തുപകരാന്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്‍കുബേഷന്‍ സംവിധാനവും ടെക്‌നോളജി ലാബുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ കണക്ടിവിറ്റിയാണ് വളരെ ശ്രദ്ധിക്കേണ്ട കാര്യം. കെ ഫോണ്‍ പോലുള്ള പദ്ധതി ഇതിനു വേണ്ടിയാണ്.

ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് ആരംഭിക്കുമ്പോള്‍ രണ്ട ലക്ഷം ചതുരശ്രയടിയായിരുന്നു ശേഷി. ഡിജിറ്റല്‍ ഹബിന്റെ വരവോടെ അത് നാല് ലക്ഷം ചതുരശ്രയടിയിലേക്ക് വളര്‍ന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലിശരഹിത വായ്പ കെഎസ്യുഎം നല്‍കുന്നുണ്ട്.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായവരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ എടുത്തു. ഇതിലൂടെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക് 750 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി, കെഎസ്എഫ്ഇ എന്നിവയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ കൂട്ടായ്മയിലൂടെ 250 കോടിരൂപയും ലഭ്യമാക്കും. സര്‍ക്കാരിന്റെ വികസനലക്ഷ്യങ്ങള്‍ക്ക് സഹായകരമാകുന്ന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഈടില്ലാതെ ഒരു കോടി രൂപവരെ വായ്പ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വൈജ്ഞാനികസമൂഹമെന്ന നിലയില്‍ സംസ്ഥാനം വളരുകയാണ്. അന്തര്‍ദേശീയ ശൃംഖലയുമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കണം. അതിനായി കെഎസ്യുഎമ്മിന്റെ പ്രവര്‍ത്തനങ്ങളും അന്തര്‍ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. നൂതനത്വത്തെയും സാങ്കേതിക പരിജ്ഞാനത്തെയും മാറ്റുരയ്ക്കുന്നതിന് ഇനോവേഷന്‍ ചലഞ്ച് സംഘടിപ്പിക്കും. അതില്‍ വിജയികളാകുന്നവരുടെ ആശയങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനുള്ള സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മിതബുദ്ധി, നൂതനത്വത്തില്‍ അടിസ്ഥാനമായ നവീന സമൂഹത്തിലേക്കുള്ള യാത്രയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം നിര്‍മ്മിതബുദ്ധി ഹബാക്കി മാറ്റും. വിവരശേഖരണം, വിതരണം, വിശകലനം എന്നിയുടെ പ്രാധാന്യം കൊവിഡ് കാലയളവില്‍ നാം കണ്ടതാണ്. ഇത് മുന്‍നിറുത്തി ഡാറ്റാ പാര്‍ക്കുകളുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ എന്നിവ ഇപ്പോഴും വിദേശരാജ്യങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇതിനുമാറ്റം വരുത്താന്‍ വിവരസാങ്കേതികവിദ്യയില്‍ കുതിച്ചുചാട്ടം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെമികണ്ടക്ടര്‍ മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയാണെന്ന് സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബെല്‍ജിയത്തിലുള്ള കമ്പനികളുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനൊരുങ്ങുകയാണ്. ഇതിനെ മുഖ്യമന്ത്രിയും സര്‍ക്കാരും വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഫലം കാണുന്നുവെന്നതിന്റെ തെളിവാണ് ഡിജിറ്റല്‍ ഹബെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നുവരുന്നതിനും ആശയങ്ങള്‍ വാണിജ്യ ഉത്പന്നങ്ങളാക്കുന്നതിനും ഏകീകൃത നയം കൊണ്ടു വരുണമെന്ന് ചടങ്ങില്‍ സംബന്ധിച്ച എം പി ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

സാങ്കേതികമേഖലയ്ക്ക് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി കേരളത്തിലെ യുവമനസ്സുകളുടെ ഭാവിയാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, കിഫ്ബി സിഇഒ കെഎം എബ്രഹാം, കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിലവില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലുള്ള 165 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ 200 സ്റ്റാര്‍ട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളാനാകും. ഡിസൈന്‍ ഇന്‍കുബേറ്റര്‍, ഹെല്‍ത്ത്‌കെയര്‍ ഇന്‍കുബേറ്റര്‍, മൗസര്‍ ഇലക്ട്രോണിക്‌സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈന്‍ സ്റ്റുഡിയോകള്‍, നിക്ഷേപകര്‍ക്കായുള്ള പ്രത്യേക സംവിധാനം, ഇനോവേഷന്‍ കേന്ദ്രം, എന്നിവയടങ്ങുന്ന ഡിജിറ്റല്‍ ഹബ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്.

രൂപകല്പനയ്ക്കും മാതൃകാവികസനത്തിനുമുള്ള ഏറ്റവും വലിയ കേന്ദ്രമായി മാറുന്നതോടെ ലോകോത്തര ഉത്പാദകരും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇവിടേക്കെത്തുമെന്നാണ് കെഎസ്യുഎം പ്രതീക്ഷിക്കുന്നത്.

സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങളിലെ ഉത്പന്ന രൂപകല്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇവിടുത്തെ മികവിന്റെ കേന്ദ്രം മാറും. നിര്‍മ്മിതബുദ്ധി, റോബോടിക്‌സ,് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ലാംഗ്വേജ് പ്രൊസസിംഗ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാര്‍ട്ടപ്പുകളാകും ഇവിടെ പ്രവര്‍ത്തിക്കുക.