ഗവേഷണങ്ങളുടെ വാണിജ്യസാധ്യത ; കെഎസ്യുഎമ്മിന്റെ ‘റിങ്ക് ഡെമോ ഡേ’ ജൂലായ് 29 ന്

Posted on: July 27, 2021

കൊച്ചി : ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപം നല്‍കിയ റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരളയുടെ (റിങ്ക്) ഡെമോ ഡേ ഈ മാസം 29ന് നടക്കും. ഓണ്‍ലൈനായി നടക്കുന്ന ഡെമോ ഡേയില്‍ പത്ത് ഉത്പന്നങ്ങളാണ് വിദഗ്ധ പാനലിനു മുന്നില്‍ അവതരിപ്പിക്കുന്നത്.

വാണിജ്യ കൂട്ടായ്മയായ ടൈ കേരളയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡെമോ ഡേയില്‍ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍ഐഐഎസ്ടി)യിലെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഭക്ഷ്യ സംസ്‌ക്കരണം, കാര്‍ഷിക മാലിന്യത്തില്‍ നിന്നും മണ്ണില്‍ അലിഞ്ഞു ചേരുന്ന പാത്രങ്ങള്‍, ഗ്ലാസ് തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്, ഭക്ഷണാവശിഷ്ടത്തില്‍ നിന്നും ബയോഗ്യാസ്, തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 10 ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. എന്‍ഐഐസ്ടിയിലെ വിവിധ ശാസ്ത്രജ്ഞരാണ് ഈ ഉത്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. പത്ത് മിനിറ്റ് നീളുന്ന വിശദീകരണവും അതിനോടനുബന്ധിച്ച് ചോദ്യോത്തര വേളയുമുണ്ടാകും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൈ കേരള എന്നിവയുടെ സഹകരണത്തോടെയാണ് റിങ്ക് ഡെമോ ഡേ നടക്കുന്നത്. എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എ അജയഘോഷ് ആണ് ആമുഖ പ്രഭാഷണം നടക്കുന്നത്. എന്‍ഐഐഎസ്ടി നല്‍കുന്ന സേവനങ്ങളെക്കുറിച്ച് സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആര്‍ എസ് പ്രവീണ്‍ രാജ് സംസാരിക്കും.

ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്.

താത്പര്യമുള്ളവര്‍ക്ക് https://bit.ly/KSUMRINKDay എന്ന വെബ്‌സൈറ്റിലൂടെ ഡെമോ ഡേ പരിപാടികളില്‍ പങ്കെടുക്കാം.