നൂതനാശയമുള്ള വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഡാഷ് പരിപാടി

Posted on: June 7, 2021

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പ്രൊജക്ട് ഡെഫിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ നൂതനാശയങ്ങള്‍ കൈമുതലായുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് മാസത്തെ വെര്‍ച്വല്‍ പഠനപരിപാടി സംഘടിപ്പിക്കുന്നു. ഡെഫി അക്കാദമി ഫോര്‍ സൊല്യൂഷന്‍ ഹാക്കിംഗ് അഥവാ ഡാഷ് എന്നതാണ് പരിപാടി.

സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അവരെക്കൂടി ഉള്‍പ്പെടുത്തി കൊണ്ട് പരിഹരിക്കുകയാണ് രണ്ട് മാസത്തെ പരിശീലനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നീതി ആയോഗ്, അങ്കുര്‍ ക്യാപിറ്റല്‍, ജെന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ ഉപദേശവും ഈ പരിപാടിയില്‍ ലഭ്യമാകും. ബിസിനസ് തുടങ്ങാനുള്ള സമസ്ത മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ ഉപദേശവും വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയിലൂടെ ലഭിക്കും.

പഠിതാക്കളുടെ ആവശ്യങ്ങളും അവരുടെ നൂതനാശയങ്ങള്‍ സഫലീകരിക്കാനുള്ള പ്രത്യേക പരിശീലന ഘട്ടങ്ങളും അടങ്ങുന്ന രണ്ട് വിഭാഗത്തിലാണ് ഡാഷ് പരിപാടി.

മികച്ച ഉത്പന്ന ആശയമുണ്ടെങ്കിലും എവിടെ തുടങ്ങണമെന്നറിയാതെ നില്‍ക്കുന്നവര്‍ക്കുള്ളതാണ് സോള്‍വെഞ്ചേഴ്‌സ് എന്ന വിഭാഗം. ഉത്പന്നമാതൃക നിര്‍മ്മിക്കുകയും അതിന്റെ വാണിജ്യസാധ്യതകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ട പിച്ചേഴ്‌സ് എന്ന വിഭാഗവും ഡാഷിനുണ്ട്.

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ bit.ly/dash_apply എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ 21 ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://projectdefy.org/dash/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.