കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഐഇഡിസികള്‍ക്ക് ഇന്‍കുബേഷന്‍

Posted on: May 28, 2021

കൊച്ചി : ഇന്‍കുബേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനത്തെ കോളേജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്ററുകളില്‍(ഐഇഡിസി) നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സാങ്കേതിക മേഖലയെ കൂടുതല്‍ ത്വരിത പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ പദ്ധതി. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഐഡിസികള്‍ക്കാണ് ഇന്‍കുബേഷന്‍ സെന്ററായി മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിക്കാനര്‍ഹതയുള്ളത്.

https://bit.ly/3upH9AL എന്ന വെബ്‌സൈറ്റ് വഴി ഐഇഡിസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രൊപോസല്‍ രേഖ അയക്കേണ്ടത് https://bit.ly/3uxej1v എന്ന ലിങ്ക് വഴിയാണ്.

നൂതനത്വം നിറഞ്ഞ സാങ്കേതിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കെഎസ് യുഎം ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. മികച്ച ആശയങ്ങള്‍ക്ക് വാണിജ്യ സാക്ഷാത്കാരം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതു വഴി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

നിലവിലെ ഐഇഡിസിയിലെ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളെ സഹായിക്കുകയും ചെയ്യുന്നു. അക്കാദമിക-സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളുടെ മികച്ച ആശയങ്ങള്‍ക്ക് ദ്രുതഗതിയില്‍ വാണിജ്യവത്കരണം സാധ്യമാക്കുന്നതിനുള്ള അടിത്തറ ഈ പദ്ധതിയിലൂടെ ലഭിക്കും. വിജ്ഞാന മേഖല, സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായം, മുതലായ മേഖലകളെ ഇന്‍കുബേഷനില്‍ സഹകരിപ്പിക്കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം, നിയമപരവും സാമ്പത്തികപരവും ,സാങ്കേതിക, ബൗദ്ധിക സ്വത്തവകാശപരവുമായ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും.