നിയമനപ്രക്രിയ സരളമാക്കാന്‍ സാപ്പിഹയര്‍ സോഫ്റ്റ് വെയര്‍

Posted on: May 6, 2021

കൊച്ചി : ജോലി നിമയനങ്ങള്‍ സരളവും ഓട്ടോമേറ്റഡുമാക്കുന്ന സാപ്പിഹയര്‍ സോഫ്റ്റ് വെയറിന് പ്രിയമേറുന്നു. നിയമനങ്ങള്‍ക്കുള്ള അറിയിപ്പ് മുതല്‍ അഭിമുഖവും നിയമന ഉത്തരവ് വരെ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് മുതലായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൈകാര്യം ചെയ്യുന്നതാണ് ഈ സോഫ്റ്റ് വെയര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സാപ്പിഹയര്‍ കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

ഏതു തസ്തികയിലേക്കാണോ നിയമനം ആഗ്രഹിക്കുന്നത് അതിനു വേണ്ട ജോലി വിശദാംശങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് സാപ്പിഹയറിന്റെ സേവനങ്ങള്‍ തുടങ്ങുന്നത്. ഉപഭോക്താക്കളുടെ നിയമന വെബ്‌പേജ് സാപ്പിഹയറിലൂടെയായിരിക്കും ദൃശ്യമാകുന്നത്. ജോലിക്കായുള്ള പരസ്യം സ്ഥാപനത്തിന്റെ ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ സാമൂഹ്യമാധ്യമങ്ങളിലേക്കും തത്സമയം അപ് ലോഡാകും. ഉപഭോക്താക്കളുടെ നിയമനരീതികള്‍ക്കനുസരിച്ച് പേജ് ഒരുക്കാമെന്ന സംവിധാനവുമുണ്ട്.

അതത് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥി നല്‍കയിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വിശകലനം ചെയ്യുന്നതിനോടൊപ്പം നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രാഥമികമായ അഭിമുഖവും ഈ സോഫ്‌റ്റ്വെയര്‍ നടത്തുന്നു. അതത് തസ്തികയിലേക്കുള്ള പ്രവൃത്തി പരിചയം, കഴിവ്, മുതലയാവ ഓട്ടോമേറ്റഡായി ക്രോഡീകരിക്കാനുള്ള സംവിധാനവും ഈ സോഫ്‌റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

30 ജീവനക്കാര്‍ മുതല്‍ 3000 പേരെ വരെ നിയമിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും സാപ്പിഹയറിന്റെ ഉപഭോക്താക്കളായി ഉണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ദീപു സേവ്യര്‍ പറഞ്ഞു. 2018 ല്‍ ജ്യോതിസ് കെ എസുമൊത്താണ് ദീപു ഈ ഉദ്യമം ആരംഭിച്ചത്. മനുഷ്യവിഭവശേഷിയ്ക്ക് പകരം വയ്ക്കുന്ന ഒന്നല്ല ഈ സോഫ്‌റ്റ്വെയറെന്ന് ദീപു പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ സമഗ്രമായ വിവരങ്ങള്‍ തരംതിരിക്കല്‍, നൈപുണ്യം വിലയിരുത്തല്‍, അഭിമുഖം ക്രമീകരിക്കല്‍ മുതലായ സമയദൈര്‍ഘ്യമുള്ള നടപടികള്‍ വളരെ എളുപ്പത്തില്‍, കുറഞ്ഞ സമയത്തിനുള്ളില്‍ സാധ്യമാക്കുന്നു. അതത് സ്ഥാപനങ്ങളിലെ എച് ആര്‍ മേധാവിമാര്‍ക്ക് അവര്‍ ചെയ്തു വന്നിരുന്ന വലിയ നിരീക്ഷണപ്രക്രിയ ലഘൂകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കൊവിഡ് കാലത്ത് സമ്പര്‍ക്കം പരമാവധി കുറച്ച് നിയമന പ്രക്രിയ സുഗമമായി നടത്താമെന്ന പ്രത്യേകതയും ഈ സോഫ്‌റ്റ്വെയറിനുണ്ട്. സാപ്പിഹയര്‍ ഉപയോഗിക്കുന്ന കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രി 36 മണിക്കൂറിനുള്ളില്‍ 60 നഴ്‌സിംഗ് നിയമനങ്ങളാണ് നടത്തിയത്. മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാമെന്നതിനു പുറമെ ഇതിനായുള്ള ചെലവ് 65 ശതമാനം വരെ കുറയക്കാന്‍ ഈ സോഫ്റ്റ് വെയറിലൂടെ സാധിക്കുന്നു. നിയമനത്തിനായി വേണ്ടി വരുന്ന ജോലിഭാരം 150 ശതമാനം കുറയക്കുമെന്നുമാണ് വിലയിരുത്തുന്നതെന്ന് ജ്യോതിസ് കെ എസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മികച്ച നിക്ഷേപം ഈ സോഫ്റ്റ് വെയറിന് ലഭിച്ചിരുന്നു. ആഗോളതലത്തിലേക്കുള്ള പ്രവേശനമാണ് സാപ്പിഹയര്‍ മുന്നില്‍ കാണുന്നത്. അതിനു വേണ്ടിയുള്ള നിക്ഷേപ സാധ്യതകള്‍ തേടുകയാണിവര്‍.

ആരോഗ്യമേഖല, ബാങ്കിംഗ്, സോഫ്റ്റ് വെയര്‍ കമ്പനികള്‍ തുടങ്ങി വിവിധ ഉപഭോക്താക്കളാണ് സാപ്പിഹയറിന് ഉള്ളത്. യൂറോപ്പിലടക്കം സാപ്പിഹയറിന് നിരവധി ഉപഭോക്താക്കളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.zappyhire.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.