ജല മാനേജ്‌മെന്റിലെ ആഗോള പരിപാടിക്കായി ട്രോണ്‍കാര്‍ട്ട് സൊല്യൂഷന്‍സിനെ തെരഞ്ഞെടുത്തു

Posted on: March 9, 2021

തിരുവനന്തപുരം : ഡെന്‍മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി (ഡിടിയു) സ്‌കൈലാബ് ഭാവിയിലെ ജലവിനിയോഗ, വിതരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ആഗോള പരിപാടിയിലേക്ക് സ്മാര്‍ട്ട് വാട്ടര്‍ മാനേജ്‌മെന്റ് സംരംഭമായ ട്രോണ്‍കാര്‍ട്ട് സൊല്യൂഷന്‍സിനെ തെരഞ്ഞെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആണ് ട്രോണ്‍കാര്‍ട്ട് സൊല്യൂഷന്‍സ്.

അടല്‍ ഇന്നൊവേഷന്‍ മിഷന്റെയും ഇന്നൊവേഷന്‍ സെന്റര്‍ ഡെന്‍മാര്‍ക്കിന്റെ (ഐസിഡികെ) യും ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നടന്ന ‘വാട്ടര്‍ ഇന്നൊവേഷന്‍ ചലഞ്ച്’ റൗണ്ടില്‍ വിജയിച്ചതിനു ശേഷമാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സ്മാര്‍ട്ട് മീറ്ററിംഗ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ ട്രോണ്‍കാര്‍ട്ട് സൊല്യൂഷന്‍സ് ആഗോള പരിപാടിയില്‍ പങ്കെടുക്കുന്നത്. ഡിജിറ്റല്‍ ജല മാനേജ്‌മെന്റ്, നഗരത്തിലെ ജലവിതരണത്തിലെ ചോര്‍ച്ച നിരീക്ഷിക്കല്‍, തടയല്‍, മഴവെള്ള സംഭരണം, സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള വിതരണം എന്നിവയ്ക്കുള്ള ആഗോള പരിഹാരങ്ങള്‍ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് വാട്ടര്‍ ഇന്നൊവേഷന്‍ ചലഞ്ച് നടത്തിയത്. ഘാന, കെനിയ, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 12 വാട്ടര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പട്ടികയില്‍ ഇടംപിടിച്ചു.

ഈ അഭിമാനകരമായ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്ത നാല് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി മാറിയതില്‍ അഭിമാനമുണ്ടെന്ന് ട്രോണ്‍കാര്‍ട്ട് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രതീഷ് വി നായര്‍ പറഞ്ഞു. ആഗോള ജലപ്രതിസന്ധി പരിഹരിക്കുന്നതിന് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഭൂട്ടാന്‍, ദുബായ്, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ട്രോണ്‍കാര്‍ട്ടിന്റെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതികള്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ ഭാഗങ്ങളിലേക്ക് ഉടനടി വ്യാപിപ്പിക്കും.

ട്രോണ്‍കാര്‍ട്ടിന്റെ ആര്‍ ആന്റ് ഡി വിഭാഗം ഒരു ബാറ്ററി ലൈഫ് ഇന്‍ഷുറന്‍സ്ഡ് വയര്‍ലെസ് നിയന്ത്രിത അള്‍ട്രാസോണിക് വാട്ടര്‍ മീറ്റര്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താവിന് വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാന്‍ കഴിയും. 2021 ഡിസംബറില്‍ ഇത് പുറത്തിറങ്ങുന്നതോടെ ഈ മേഖലയില്‍ ട്രോണ്‍കാര്‍ട്ടിന്റെ മേധാവിത്വം പ്രബലമാകുമെന്നും പ്രതീഷ് വി നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ട്രോണ്‍കാര്‍ട്ടിന്റെ വാട്ടര്‍ മീറ്ററിംഗ് സൊല്യൂഷന്‍ മീറ്ററിംഗും ഉപഭോക്തൃ വിവര നിര്‍വഹണ സമ്പ്രദായവും കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് മുനിസിപ്പാലിറ്റികളുടെ ജലവിതരണ വകുപ്പിനെയും അവരുടെ ഉപഭോക്താക്കളുടെ ബില്ലിംഗും ഉപഭോഗവും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എല്‍പിഡബ്ല്യുഎന്‍ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍, മെച്ചപ്പെട്ട ബാറ്ററി ഉപയോഗം, നിര്‍മ്മിതബുദ്ധി പ്രാപ്തമാക്കിയ റിപ്പോര്‍ട്ടിംഗും അലേര്‍ട്ട് സിസ്റ്റവും, ഡാറ്റ അനലിറ്റിക്‌സ് സിസ്റ്റം, ഇആര്‍പി ഇന്റര്‍ ഓപ്പറബിലിറ്റി തുടങ്ങി നിരവധി അതിനൂതന സാങ്കേതികവിദ്യകള്‍ ഓട്ടോമേറ്റഡ് മീറ്റര്‍ റീഡിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കെഎസ് യുഎം.