സ്റ്റാര്‍ട്ടപ്പ് ദേശീയ മത്സരം : ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി കേരളം

Posted on: December 3, 2018

കൊച്ചി : സ്വകാര്യ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഫോര്‍ജ് നടത്തിയ അവതരണ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ കരസ്ഥമാക്കി. ഐറോവ് ടെക്‌നോളജീസ്, ശസ്ത്ര റോബോട്ടിക്‌സ്, ഫെതര്‍ ഡിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. മത്സരത്തില്‍ അവസാനഘട്ടതിലെത്തിയ പത്ത് സ്റ്റാര്‍ട്ടപ്പുകളില്‍ ആറെണ്ണവും കേരളത്തില്‍ നിന്നുള്ളതായിരുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജില്‍ പ്രവര്‍ത്തിക്കുന്നതാണ് ഐറോവ് ടെക്‌നോളജീസും ശസ്ത്ര റോബോട്ടിക്‌സും. നവംബര്‍ 23 മുതല്‍ 26 വരെയാണ് മത്സരം നടത്തിയത്. വിദഗ്‌ധോപദേശം, ഉത്പന്നങ്ങളുടെ വിപണനം, ആശയങ്ങളും മാതൃകകളും അവതരിപ്പിക്കല്‍ എന്നിവ സ്റ്റാര്‍ട്ടജീസ് ക്യാമ്പ് എന്ന ബൂട്ട് ക്യാമ്പില്‍ നടന്നു.

തുടക്കക്കാര്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ ലാഭകരമായ സംരംഭങ്ങള്‍ ദ്രുതഗതിയില്‍ വളര്‍ച്ച നേടുന്നതിനുള്ള സാമ്പത്തിക സഹായം, വിദഗ്‌ധോപദേശം എന്നിവ നല്‍കുന്നത് ലക്ഷ്യം വച്ച് കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്.