നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം മടക്കി അയക്കരുത്: ക്രെഡായ്

Posted on: May 3, 2020

കൊച്ചി: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം ശക്തമായ ഇളവുകളോടെ ഭാഗികമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് തങ്ങളെന്ന് ക്രെഡായ്. ചില നിര്‍മാണ സൈറ്റുകളില്‍ ചെന്ന് നിര്‍ബന്ധപൂര്‍വം തൊഴിലാളികളെ മടക്കി അയക്കാനുള്ള പോലീസിന്റെ നീക്കം നിര്‍മാണ മേഖലയുടെ സ്തംഭനത്തിനിടയാക്കുമെന്ന് ക്രെഡായ് കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് നിര്‍മാതാക്കളുടെ ഉത്തരവാദിത്വത്തിലും ചെലവിലും കര്‍ശനമായ നിരീക്ഷണത്തോടു കൂടിയും ക്യാമ്പുകളിലും സൈറ്റുകളിലും താമസിപ്പിച്ചിരുന്ന അതിഥി തൊഴിലാളികളെ ഉപയോഗിച്ച് മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ. ഇവരെ നിര്‍ബന്ധിച്ച് മടക്കി അയക്കുന്നത് നിര്‍മാണ മേഖല വീണ്ടും സ്തംഭിക്കാന്‍ ഇടയാക്കും. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങളെ പോലീസിന്റെ സമീപനം തടസ്സപ്പെടുത്തും. താത്പര്യം ഉള്ളവര്‍ക്ക് മാത്രം നാട്ടിലേക്ക് മടങ്ങാനാണ് ട്രെയിന്‍ സൗകര്യംഏര്‍പ്പെടുത്തിയതെന്നിരിക്കെ നിര്‍ബന്ധപൂര്‍വം ഇവരെ മടക്കി അയക്കുന്നത് ശരിയല്ലെന്നും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട ഉണ്ടാകണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.

തൊഴില്‍ ആരംഭിക്കാന്‍ സാധിക്കാത്ത മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ മടക്കി അയക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും നിര്‍മാണ മേഖലയില്‍ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളികളെ അകാരണമായി പ്രേരിപ്പിച്ച് മടക്കി അയക്കരുതെന്നും രവി ജേക്കബ് ആവശ്യപ്പെട്ടു.

TAGS: CREDAI Kochi |