ചെലവ് കുറഞ്ഞ ഭവനനിർമാണം പ്രോത്സാഹിപ്പിക്കണമെന്ന് ക്രെഡായി

Posted on: January 24, 2017

കൊച്ചി : ചെലവ് കുറഞ്ഞ ഭവനനിർമാണം അടിസ്ഥാനസൗകര്യ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ക്രെഡായി കേരള ആവശ്യപ്പെട്ടു. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും എല്ലാവർക്കും ഭവനം എന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കാനും ഇത് സഹായകരമാകുമെന്ന് ക്രെഡായി കേരള സെക്രട്ടറി ജനറൽ ഡോ. നജീബ് സക്കറിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 90 ചതുരശ്ര മീറ്ററിലോ 1000 ചതുരശ്ര അടിയിലോ താഴെയുള്ള എല്ലാ ഭവനപദ്ധതികളും ചെലവ് കുറഞ്ഞ ഭവന പദ്ധതിതായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭവന പദ്ധതികൾ കൂടുതലായും വായ്പകളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത് എന്നതിനാൽ കറൻസി പിൻവലിക്കൽ ഭവന നിർമാണ വ്യവസായത്തെ ബാധിച്ചിട്ടില്ലെന്ന് ക്രെഡായി കേരളം മുൻ പ്രസിഡണ്ട് അബ്ദുൾ അസീസ്, ക്രെഡായി കൊച്ചി പ്രസിഡണ്ട് പോൾ രാജ് എന്നിവർ പറഞ്ഞു. ജനങ്ങളുടെ കൈവശമുള്ള പണം കൂടുതലായി ബാങ്കുകളിലേക്ക് എത്തുന്നതിനാൽ ഭവന നിർമാണത്തിനായി വായ്പ ലഭിക്കാനുള്ള സാധ്യതകളും കൂടും. പലിശ നിരക്ക് കുറയുകയും ചെയ്യും. കുറഞ്ഞ പലിശനിരക്കും ലളിതമായ തവണ വ്യവസ്ഥകളും റിയൽ എസ്റ്റേറ്റ് രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് ക്രെഡായി വിലയിരുത്തി.

മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി വളരെ കൂടുതലാണെന്ന് ക്രെഡായി കുറ്റപ്പെടുത്തി. ദേശീയ ഭവന നയത്തിനനുസൃതമായി 3 ശതമാനമായെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്നും ഇത് സംസ്ഥാനത്തെ ഭവന നിർമാണ മേഖലയ്ക്ക് ഉണർവേകുമെന്നും ഡോ. നജീബ് സക്കറിയ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ രജിസ്ട്രേഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.