സാമ്പത്തിക വളർച്ച കൊച്ചി രാജ്യത്ത് ഒന്നാമത്

Posted on: August 2, 2018

കൊച്ചി : സാമ്പത്തിക അടിത്തറയും അടിസ്ഥാന സൗകര്യങ്ങളും റിയൽ എസ്‌റ്റേറ്റ് മേഖലയിലെ വളർച്ചയും കണക്കിലെടുക്കുമ്പോൾ കൊച്ചി രാജ്യത്തെ മികച്ച വളർച്ചയുളള നഗരമാണെന്നു പ്രഫഷണൽ സർവീസസ് സ്ഥാപനമായ ജെ എൽ എൽ പഠന റിപ്പോർട്ട്. ക്രെഡായി കേരളയുടെ വനിതാ വിഭാഗത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിലാണു റിപ്പോർട്ട് അവതരിപ്പിച്ചത്.

രാജ്യത്തെ 45 നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ് കൊച്ചി ഒന്നാമതെത്തിയത്. മികച്ച സാമൂഹിക, സാമ്പത്തിക ചലനശക്തി, കണക്ടിവിറ്റി സൗകര്യങ്ങളുടെ വർധനന, ഉന്നത മൂല്യ സൂചകം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

 

ഹൗസിംഗ് യൂണിറ്റുകൾക്ക് കൊച്ചിയിൽ ഡിമാൻഡ് വർധിച്ചു വരികയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച പ്ലാനിംഗ് ഉള്ള നഗരമായി സമീപഭാവിയിൽ കൊച്ചി മാറുമെന്നും ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ പറഞ്ഞു. ഒരേ നഗരത്തിൽ തന്നെ സീപോർട്ട്, എയർപോർട്ട്, മെട്രോ എന്നിവയുള്ള അപൂർവ നഗരങ്ങളിൽ ഒന്നാണ് കൊച്ചി. ഫ്ളൈഓവറുകളുടെ നിർമാണം, മെട്രോ പദ്ധതി, ഉൾനാടൻ ജലഗതാഗത പാത വികസനം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെ കൊച്ചി അത്ഭുതാവഹമായ വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

ക്രെഡായി വനിതാ വിഭാഗത്തിന്റെ ഉദ്ഘാടനം ഗവേണിംഗ് കൗൺസിൽ യോഗത്തോടനുബന്ധിച്ച് ക്രെഡായി വനിതാ വിഭാഗം ദേശീയ കോ-ഓർഡിനേറ്റർ ദർശന പർമാർ ഉദ്ഘാടനം ചെയ്തു. ഡോ.നജീബ് സക്കറിയ, ജെ എൽ എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രമേശ് നായർ, സൂസി പോൾ, ജയ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: Credai | CREDAI Kochi |