കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്ക് വന്‍നേട്ടം: 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതിക വിദ്യയുമായി എജാക്സ് എഞ്ചിനീയറിംഗ്

Posted on: December 18, 2023

കൊച്ചി : രാജ്യത്തെ കോണ്‍ക്രീറ്റ് ഉപകരണ നിര്‍മ്മാതാക്കളായ എജാക്സ് എഞ്ചിനീയറിംഗ് സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് മെഷീന്‍ പുറത്തിറക്കി. ഇതോടെ 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യയിലേക്ക് കമ്പനി ചുവടുവച്ചു. 350 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് മൂന്നു ദിവസം കൊണ്ട് നിര്‍മ്മിച്ച് കമ്പനി പുതിയ സാങ്കേതികവിദ്യയുടെ പ്രദര്‍ശനം ഇതിനകം നടത്തിയിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ സമാനമായ വീട് നിര്‍മ്മിക്കാന്‍ മാസങ്ങള്‍ വേണമെന്നിരിക്കെ എജാക്സ് 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യ അതിവേഗം, ചെലവ് വളരെ കുറഞ്ഞ, പരിസ്ഥിതി സുസ്ഥിര ബദലാണ് മുന്നോട്ടുവയ്ക്കുന്നത്.

ബഹുജന ഭവന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതാണ് എജാക്സിന്റെ പുതിയ സാങ്കേതിക വിദ്യ. വീടുകള്‍ക്ക് പുറമെ, വില്ലകള്‍, പോസ്റ്റ് ഓഫീസുകള്‍, ഫയര്‍‌സ്റ്റേഷനുകള്‍, ശില്‍പങ്ങള്‍ തുടങ്ങി വ്യത്യസ്ത ഘടനകള്‍ നിര്‍മ്മിക്കുന്നതിലടക്കം വിപുലമായ സാധ്യതകളാണ് എജാക്സ് 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതിക വിദ്യ ആഗോളതലത്തില്‍തന്നെ ഒരുക്കുന്നത്. വര്‍ദ്ധിത ശേഷിയില്‍, കൂടുതല്‍ മെച്ചപ്പെടുത്തിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സ്വാശ്രയത്വവും പുതുമയുമാണ് കമ്പനിയുടെ മൂല്യങ്ങളെന്ന് എജാക്സ് എഞ്ചിനീയറിംഗ് എംഡിയും സിഇഒയുമായ ശുഭബ്രത സാഹ പറഞ്ഞു. 3ഡി കോണ്‍ക്രീറ്റ് പ്രിന്ററിന്റെ സാധ്യതകള്‍ ആവേശഭരിതരാക്കുന്നു. വിപ്ലവകരമായ ഭാവി രൂപപ്പെടുത്തുന്നതിന് ഈ സാങ്കേതിക വിദ്യ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ‘എജാക്സ് സ്‌കൂള്‍ ഓഫ് കോണ്‍ക്രീറ്റ്’ മുഖേന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സമഗ്രമായ നൈപുണ്യ വികസനവും മാറ്റങ്ങളും ലക്ഷ്യമിടുകയാണ്. ആഗോളതലത്തില്‍ രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന വലിയ മുന്നേറ്റത്തിനു വഴിയൊരുക്കന്നതാണിതെല്ലാം.