റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഫ്‌ളാറ്റുകള്‍ വാങ്ങരുത് : പി. എച്ച്. കുര്യന്‍

Posted on: January 25, 2020

കൊച്ചി : അപ്പാര്‍ട്ടുമെന്റുകളോ, ഫ്‌ളാറ്റുകളോ വാങ്ങുന്നതിനുമുമ്പ് അവ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നു റെറ ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ സംഘടിപ്പിച്ച റെറ ആന്റ് ജിഎസ്ടി വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം കെട്ടിട നിര്‍മാണത്തിനുള്ള എല്ലാ രേഖകളും ഉണ്ടെങ്കിലേ റെറയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിലൂടെ ഈ മേഖലയിലെ കബളിപ്പിക്കല്‍ ഇല്ലാതാകും. റെറയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത അപ്പാര്‍ട്ടുമെന്റുകളോ, വില്ലകളോ, ഹൗസിംഗ് പ്ലോട്ടുകളോ ജനുവരി 1 മുതല്‍ വില്‍ക്കാനോ, കൈമാറ്റം ചെയ്യാനോ പാടില്ല.

ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രോജക്ടുകള്‍ മാര്‍ച്ച് 31 നു മുമ്പ് റെറയില്‍ റജിസ്റ്റര്‍ ചെയ്യണം. ജനുവരി 1 മുതല്‍ നിയമം കര്‍ക്കശമാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നു പി എച്ച്. കുര്യന്‍ പറഞ്ഞു.

റെറ അംഗം പ്രീത മേനോന്‍, ടെക്‌നിക്കല്‍ സെക്രട്ടറി എച്ച്. പ്രശാന്ത്, കെ. വൈത്തീശ്വരന്‍, മോഹന്‍ ആര്‍. ലാവി, ശാഖ ചെയര്‍മാന്‍ പി. ആര്‍. ശ്രീനിവാസന്‍, വൈസ് ചെയര്‍മാന്‍ റോയി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.