റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ക്രെഡായ്

Posted on: May 1, 2020

 

കൊച്ചി : ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണം റിയല്‍ എസ്റ്റേറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടതെന്നും കേരളത്തിലെ റെറ നിയമത്തില്‍ ആവശ്യമായ പൊളിച്ചെഴുത്ത് വേണമെന്നും ക്രെഡായ് കേരള ആവശ്യപ്പെട്ടു. ഇതിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ക്രെഡായ് കേരള അഭ്യര്‍ഥിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബില്‍ഡര്‍മാരെ അടുത്ത രണ്ട് വര്‍ഷത്തേക്ക് റെറ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ക്രെഡായ് കേരള ചെയര്‍മാന്‍ കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

ഏകദേശം 66 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതലായി നിക്ഷേപം നടത്തുന്നത്. അറുപതോളം രാജ്യങ്ങളില്‍ കോവിഡ് രൂക്ഷമായി ബാധിച്ചു. ഒട്ടുമിക്ക രാജ്യങ്ങളും അന്‍പത് ദിവസത്തിലേറെയായി ലോക്ക് ഡൗണിലാണ്. പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍ തുടരുന്ന നിലവിലെ സാഹചര്യത്തില്‍ റെറ നിയമങ്ങള്‍ നടപ്പാക്കുന്നത് സാധ്യമല്ല. വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാനോ പല പദ്ധതികളും കൈമാറാനോ തുക കൈമാറാനോ സാധിക്കുന്നില്ല. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീഷണിയും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാണ്. നിര്‍മാണ സാമഗ്രികള്‍ പലതും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ റെറ ചട്ടങ്ങള്‍ പാലിക്കാന്‍ കഴിയില്ല.

കേരളത്തില്‍ മാത്രമാണ് ഇത്രയധികം പ്രവാസികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നത്. വിദേശ രാജ്യങ്ങളിലെ ഓരോ ചലനങ്ങളും സംഭവങ്ങളും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ ബോധത്തോടെ കേരളത്തില്‍ റെറ നിയനിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ക്രെഡായ് കേരള ആവശ്യപ്പെട്ടു. രജിസ്ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ക്രെഡായ് പൂര്‍ണ പിന്തുണ നല്‍കും. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ റെറ നിയമം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി റെറ നിയമം നടപ്പാക്കുന്നതില്‍ ബില്‍ഡര്‍മാരെ താത്ക്കാലികമായി ഒഴിവാക്കണമെന്ന് ക്രെഡായ് കേരള ആവശ്യപ്പെട്ടു.

TAGS: Credai | RERA |