റെറയുടെ ആദ്യവിധി : ഫ്‌ളാറ്റും 22 ലക്ഷം പിഴയും

Posted on: February 20, 2020

തിരുവനന്തപുരം : വാഗ്ദാന ലംഘനം നടത്തിയ ബില്‍ഡര്‍ക്കെതിരെ വന്‍തുക പിഴ ചുമത്തി കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (റെറ) ആധ്യവിധി. 2016 ഡിസംബറില്‍ കൈമാറ്റം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു വലിയ തുക കൈപ്പറ്റിയിട്ടും ഫ്‌ളാറ്റിന്റെ പണി പൂര്‍ത്തിയാക്കുകപോലും ചെയ്തില്ലെന്ന പരാതിയില്‍ കോട്ടയത്തെ സി. ജെ. ഹരിത ഹോംസ് ബില്‍ഡര്‍ക്കെതിരെയാണു റെറയുടെ വിധി.

പരാതിക്കാരനായ സി. ആര്‍. സുഭാഷില്‍ നിന്നു വാങ്ങിയ 49.5 ലക്ഷം രൂപയ്ക്കു 2017 ജനുവരി മുതല്‍ 15.2 ശതമാനം പലിശ നല്‍കണമെന്നും ജൂണ്‍ 30നകം ഫ്‌ളാറ്റ് കൈമാറണമെന്നുമാണ് ഉത്തരവ്. പിഴത്തുക ഏകദേശം 22 ലക്ഷം രൂപ വരും.

റെറ ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍, അംഗം പ്രീത പി. മേനോന്‍ എന്നിവരാണു പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്. ഹരിത ഹോംസിന്റെ സിറ്റി പ്ലാസ എന്ന പ്രോജക്ടിലാണു സുഭാഷ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. ഈ പ്രോജക്ട് മാര്‍ച്ച് 31 നകം റെറയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ജനുവരി ഒന്നിനു പ്രവര്‍ത്തനം തുടങ്ങിയ റെറ ഇതുവരെ സ്വീകരിച്ചത് ഇരുനൂറോളം പരാതികളാണ്. ഭൂരിഭാഗവും വാഗ്ദാനം ചെയ്ത സമയത്തു ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതികളാണ്.

TAGS: RERA |