സാഹാ ഹദീദിന്റെ നിര്യാണത്തിൽ ഐഐഎ അനുശോചിച്ചു

Posted on: April 3, 2016
ആർക്കിടെക്റ്റ് സാഹാ ഹദീദിന്റെ വേർപാടിൽ അനുശോചിക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിറ്റെക്റ്റ്‌സ് കേരള ചാപ്റ്റർ ചെയർമാൻ ബി.ആർ. അജിത് പ്രസംഗിക്കുന്നു. എൽ. ഗോപകുമാർ, ജെബിൻ എൽ സഖറിയാസ്, എസ്. ഗോപകുമാർ എന്നിവർ സമീപം.

ആർക്കിടെക്റ്റ് സാഹാ ഹദീദിന്റെ വേർപാടിൽ അനുശോചിക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിറ്റെക്റ്റ്‌സ് കേരള ചാപ്റ്റർ ചെയർമാൻ ബി.ആർ. അജിത് പ്രസംഗിക്കുന്നു. എൽ. ഗോപകുമാർ, ജെബിൻ എൽ സഖറിയാസ്, എസ്. ഗോപകുമാർ എന്നിവർ സമീപം.

കൊച്ചി : ലോകപ്രശസ്ത ആർക്കിടെക്റ്റ് സാഹാ മുഹമ്മദ് ഹദീദിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് (ഐഐഎ) കേരളചാപ്റ്ററും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡീസൈൻ (ഐഐഐഡി) കേരള ചാപ്റ്ററും അനുശോചിച്ചു. എറണാകുളം ലോട്ടസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ ഐഐഎ കേരളചാപ്റ്റർ ചെയർമാൻ ആർക്കിടെക്റ്റ് ബി.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർക്കിടെക്റ്റ് എൽ. ഗോപകുമാർ, ഐഐഐഡി ദേശീയ സെക്രട്ടറി ആർക്കിടെക്റ്റ് ജെബീൻ എൽ സക്കറിയാസ്, ആർക്കിടെക്റ്റ് എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.

അമേരിക്കയിലെ മിയാമിയിൽ മാർച്ച് 31 വ്യാഴാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്നാണ് സാഹാ ഹദീദ് (65) അന്തരിച്ചത്. ഇറാഖിലെ ബാഗ്ദാദിൽ ജനിച്ച സാഹാ ഹദീദ് ലണ്ടനിലാണ് ആർക്കിടെക്ചർ പഠനം നടത്തിയത്. വിഖ്യാത ആർക്കിടെക്റ്റുകളായ റെം കൂളാസ്, എലിയ സെംഗലിസ് എന്നിവരുടെ കീഴിൽ ഔദ്യോഗിക ജീവിതമാരംഭിച്ചശേഷം, 1979 ൽ ലണ്ടനിൽ സാഹാ ഹദീദ് ആർക്കിടെക്റ്റ്‌സ് എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു.

ലണ്ടൻ അക്വാറ്റിക്‌സ് സെന്റർ (സ്റ്റാർട്ട് ഫോർഡ്), ഹെയ്ഡയർ അലിയേവ് കൾച്ചറൽ സെന്റർ (അസർ ബൈജാൻ) ഗുംഗ്ഷ്വാവൂ ഓപ്പറ ഹൗസ് തുടങ്ങിയ കെട്ടിടങ്ങളുടെ രൂപകല്പനയിലൂടെ പ്രശസ്തയായ സാഹ ഹദീദ് പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി നിയതമായ ആകൃതിയില്ലാത്ത രൂപമാതൃകകളും, പുത്തൻ നിർമ്മാണസാമഗ്രികളും ഉൾപ്പെടുന്ന ഒരു ഡിസൈൻ ശൈലിയുടെ പ്രയോക്താവായിട്ടാണ് അറിയപ്പെട്ടിരുന്നത്.

ആർക്കിടെക്ചർ രംഗത്തെ നോബൽ പുരസ്‌കാരമെന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കർ പുരസ്‌കാരവും, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രീട്ടിഷ് ആർക്കിടെക്റ്റ്‌സ് നൽകുന്ന ഗോൾഡ് മെഡലും നേടിയ പ്രഥമ വനിതയാണ് ആർക്കിടെക്റ്റ് സാഹാ ഹദീദ്.