യുവ ആർക്കിടെക്റ്റുകൾക്കായി സ്റ്റാർട്ടപ്പ് വില്ലേജ്

Posted on: July 24, 2015

B.-R-Ajit--Architect-Big

കൊച്ചി : ഇന്ത്യൻ ഇന്റസ്റ്റിറ്റൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് (ഐഐഎ) കേരള ചാപ്റ്റർ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ സ്റ്റാർട്ടപ്പ് വില്ലേജുകൾ സ്ഥാപിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് തുടക്കത്തിൽ സ്റ്റാർട്ടപ്പ് വില്ലേജുകൾ തുടങ്ങുകയെന്ന് ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ ബി. ആർ. അജിത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആർക്കിടെക്ചർ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നവരുടെ എണ്ണം പെരുകി വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭത്തിന് ഐഐഎ മുന്നോട്ട് വരുന്നത്. അമ്പതോളം യുവ ആർക്കിടെക്റ്റുകൾക്കായുളള സൗകര്യങ്ങളാണ് ഓരോ സ്റ്റാർട്ടപ്പ് വില്ലേജിലും ഒരുക്കുക. മുതിർന്ന ആർക്കിടെക്റ്റുകളുടെ മാർഗ നിർദ്ദേശങ്ങളും ഇവർക്ക് ഉറപ്പ് വരുത്തും.

സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 8 സെന്ററുകളാണ് കേരള ചാപ്റ്ററിന്റെ കീഴിലുള്ളത്. ഈ സെന്ററുകളെല്ലാം ചുരുങ്ങിയത് ഒരു വീടെങ്കിലും പാവപ്പെട്ടവർക്ക് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അജിത് പറഞ്ഞു. 500 ചതുരശ്ര അടിയിൽ താഴെയുള്ള പരിസ്ഥിതി സൗഹൃദ വീടുകളാണ് വ്യക്തികളോ, സർക്കാരോ ലഭ്യമാക്കുന്ന ഭൂമിയിൽ പണിയുക. കൂടാതെ പാവപ്പെട്ടവർക്കായി കുറഞ്ഞ ചെലവിൽ സർക്കാർ പണിത് നൽകുന്ന പരിസ്ഥിതി സൗഹൃദ വീടുകൾക്ക് ഐഐഎ സെന്ററുകളുടെ സഹകരണം ഉണ്ടാകുന്നതുമാണ്. താഴ്ന്ന വരുമാനക്കാർക്ക് വീട് വയ്ക്കുന്നതിനായി പ്ലാൻ വരയ്ക്കാനും മറ്റും ആർക്കിടെക്റ്റുകൾ വഴി സൗജന്യസേവനം ലഭ്യമാക്കും. ചെറിയ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ഇതിനായി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചു കൊണ്ടുളള ക്യാമ്പുകൾ നടത്തുന്നതാണെന്നും അജിത് വ്യക്തമാക്കി.

ഇന്ത്യൻ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് കേരള ചാപ്റ്ററിന്റെ 2015-17 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് എറണാകുളം ഹോട്ടൽ താജ് ഗേറ്റ്‌വേയിൽ നടക്കുന്നതാണ്. മന്ത്രി കെ. ബാബു, ഇന്നസെന്റ് എംപി, ഹൈബി ഈഡൻ എംഎൽഎ, ആർക്കിടെക്ചർ കൗൺസിൽ ദേശീയ പ്രസിഡന്റ് ഉദയ് ഖഡ്കരി, സംസ്ഥാന തദ്ദേശ സ്വയംഭരണ-പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എം. ജി. രാജമാണിക്യം, എ. എൻ. രാധാകൃഷ്ണൻ, ഐഐഎ ദേശീയ ജോയിന്റ് സെക്രട്ടറി ലാലിച്ചൻ സക്കറിയ എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.