കെട്ടിട നിര്‍മാണ മേഖലയ്ക്ക് ഉത്തേജന നടപടി വേണം : ഐഐഎ

Posted on: April 30, 2020

കൊച്ചി : ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന കെട്ടിട നിര്‍മാണ മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോവിഡിനു ശേഷം കേരളം സാധാരണക്കാരുടെ സ്വപ്‌നങ്ങളുടെ ശവപ്പറമ്പായി മാറുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ്. നിര്‍മാണ മേഖലയിലേക്കു നിക്ഷേപം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒന്നു രണ്ടു വര്‍ഷത്തേക്കു പലവിധ ഇളവുകളും ആനുകൂല്യങ്ങളും നല്‍കണമെന്നു ചെയര്‍മാന്‍ എല്‍. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

കോവിഡ് ലോക്ഡൗണ്‍ നിര്‍മാണ മേഖലയിലെ പ്രഫഷനലുകള്‍ക്കും വലിയ തിരിച്ചടിയായി മിക്ക പ്രോജക്ടുകളും നിര്‍ത്തിലയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്തു. അതേസമയം, കോവിഡ് നിയന്ത്രണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നതു കേരളത്തിനു ഭാവിയില്‍ ഗുണം ചെയ്‌തേക്കാം. കൂടുതല്‍ പേര്‍ റിട്ടയര്‍മെന്റിനു ശേഷം കേരളം വിശ്രമത്തിനായി തിരഞ്ഞെടുത്തേക്കാം. അതു കെട്ടിട നിര്‍മാണ മേഖലയില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.