ആർക്കിടെക്റ്റ് എസ്. ഗോപകുമാറിന് ഐഐഎ ബാബുറാവു മാത്രേ പുരസ്‌കാരം

Posted on: July 14, 2020

കൊച്ചി : പ്രശസ്ത ആർക്കിടെക്റ്റും കൊച്ചി ആസ്ഥാനമായ കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്‌സിന്റെ സ്ഥാപകനുമായ എസ് ഗോപകുമാറിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സിന്റെ വിഖ്യാതമായ ബാബുറാവു മാത്രേ ഗോൾഡ് മെഡൽ പുരസ്‌കാരം ലഭിച്ചു. കേരളത്തിൽ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന പ്രഥമ ആർക്കിടെക്റ്റാണ് ഗോപകുമാർ, തന്റെ പ്രവർത്തന മേഖലയിലെ മികവിനും ഇന്ത്യൻ ആർക്കിടെക്ചർ രംഗത്തിനു നൽകിയ നിസ്തുലമായ സംഭാവനകളെയും മാനിച്ചാണ് ഗോപകുമാറിന് ഈ പുരസ്‌കാരം സമ്മാനിച്ചത്.

പദ്മശ്രീ അച്യുത് കാൻവിൻദേ, പദ്മവിഭൂഷൺ ചാൾസ് കൊറിയ, പദ്മശ്രീ ബി വി ദോഷി, പദ്മശ്രീ ലാറി ബേക്കർ തുടങ്ങിയ മഹാ പ്രതിഭകൾക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഇന്ത്യൻ ആർക്കിടെക്ടുകളുടെ പരമോന്നത പീഠമായ ഐഐഎ യിൽ നിന്നും ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം ആഗോളതലത്തിൽ ഇന്ത്യൻ ആർക്കിറ്റെക്ച്ചർ രംഗത്തിനു ആധുനിക രീതിയിലേക്ക് കൂടുതൽ ചുവട് വയ്ക്കുന്നതിന് സഹായകരമായ തരത്തിലുള്ള സംഭാവനകൾ നൽകാൻ തനിക്കു പ്രചോദനം നൽകുന്നുവെന്നും ഗോപകുമാർ പറഞ്ഞു. ജൂലൈ 12 ന് ഐഐഎയുടെ ഇരുപത്തിരണ്ടാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചു ഐഐഎ ദേശീയ പ്രസിഡന്റ് ദിവ്യാ കുഷ് സമ്മാനിച്ചു .

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നിന്ന് 1976 ൽ ഗോൾഡ് മെഡലോടെയാണ് ആർക്കിടെക്ട് ഗോപകുമാർ എൻജിനീയറിംഗ് ബിരുദം നേടിയത്. തുടർന്ന് വിഖ്യാത ആർക്കിടെക്ടായ ചാൾസ് കൊറയയ്‌ക്കൊപ്പം കരിയർ ആരംഭിക്കുകയും പിൽക്കാലത്തു അദ്ദേഹത്തിന്റെ അസോസിയേറ്റായി മാറി.

അദ്ദേഹം 1976 ലാണ് കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടത്. എച്ച് ഡി എഫ് സി ബിൽഡിംഗ്, തിരുവനന്തപുരത്തെ കെ എസ് ആർ ടി സി സമുച്ചയം, കോഴിക്കോട്ടെ താജ് റെസിഡൻസി ഹോട്ടൽ തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ കെട്ടിടങ്ങൾ ആർക്കിടെക്ട് ഗോപകുമാർ രൂപകൽപ്പന ചെയ്തു.

തിരുവനന്തപുരം ഗാന്ധി പാർക്ക്, തൈക്കാട് ശാന്തി കവാടം ക്രിമറ്റോറിയം, എറണാകുളത്തെ ദർബാർ ഹാൾ ഗ്രൗണ്ട് തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രൊജക്ടുകളും ഗോപകുമാർ രൂപകൽപ്പന ചെയ്തു. തികഞ്ഞ കലാകാരൻ കൂടിയായ ഗോപകുമാർ നിരവധി ചിത്ര പ്രദർശനങ്ങളും തന്റെ പെയിന്റിംഗുകൾ ഉൾപ്പെടുത്തി ഏകാംഗ പ്രദർശനവും (സോളോ എക്‌സിബിഷൻ) സംഘടിപ്പിച്ചിട്ടുണ്ട്. വിശ്രുതമായ ലളിതകലാ അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.