മുതിര്‍ന്നവരിലെ ജന്മനാലുള്ള ഹൃദ്രോഗ ചികിത്സയ്ക്കായി അമൃതയില്‍ പ്രത്യേക ക്ലിനിക്

Posted on: February 15, 2022

കൊച്ചി : മുതിര്‍ന്നവരിലെ ജന്മനാലുള്ള ഹൃദ്രോഗങ്ങളുടെ ചികിത്സയ്ക്കായി രാജ്യത്തെ ഏറ്റവും സമഗ്രമായ അഡല്‍റ്റ് കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസസ് (എ.സി.എച്ച്.ഡി) ക്ലിനിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ആരംഭിച്ചു.

വിവിധ സബ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ മേല്‍നോട്ടം ആവശ്യമുള്ള, ജന്മനാലുള്ള ഹൃദയ വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന ആളുകള്‍ക്ക് വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സ്‌പെഷ്യലൈസ്ഡ് പരിചരണം ഈ ക്ലിനിക്കില്‍ ലഭ്യമാണ്. ജന്മനാ ഹൃദ്രോഗങ്ങളോ വൈകല്യങ്ങളോ ഉള്ള രോഗികള്‍ക്ക് വിദഗ്ധ പരിചരണത്തിന് ആവശ്യമായ എല്ലാ മികച്ച വൈദ്യ സേവനങ്ങളും ഒരിടത്തു തന്നെ ലഭ്യമാക്കുന്നുവെന്നതാണ് ഈ ക്ലിനിക്കിന്റെ പ്രത്യേകത.

കൊറോണറി ആര്‍ട്ടറി ഡിസീസ്, റുമാറ്റിക് അല്ലെങ്കില്‍ ഡിജനറേറ്റീവ് വാല്‍വ് രോഗങ്ങള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്നവരില്‍ ജന്മനാലുണ്ടാകുന്ന ഹൃദ്രോഗങ്ങളാണ് കാര്‍ഡിയോളജിയുടെ ഉപവിഭാഗമായ എ.സി.എച്ച്.ഡി. കൈകാര്യം ചെയ്യുന്നത്. നൂതന കാര്‍ഡിയാക് ഇമേജിംഗ് സംവിധാനം, പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ സേവനങ്ങള്‍, കത്തീറ്റര്‍ അധിഷ്ഠിത രോഗനിര്‍ണയ, ചികിത്സാ നടപടിക്രമങ്ങള്‍, കാര്‍ഡിയാക് സര്‍ജറിയിലും കാര്‍ഡിയാക് അനസ്‌തേഷ്യയിലും പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടെ സേവനം, സങ്കീര്‍ണ്ണമായ ഗര്‍ഭാവസ്ഥയിലെ ചികിത്സ, ഗര്‍ഭസ്ഥശിശുക്കളിലെ ഹൃദ്രോഗചികിത്സ, ഗര്‍ഭധാരണത്തിനു മുമ്പുള്ള കൗണ്‍സലിംഗ്, കൂടാതെ രോഗികളായുള്ളവര്‍ക്ക് ഗര്‍ഭനിരോധനത്തിനുള്ള ഉപദേശം, രോഗികള്‍ക്ക് സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയവ അമൃത എ.സി.എച്ച്.ഡി ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു.

അമൃത എ.സി.എച്ച്.ഡി ക്ലിനിക്കിന് നേതൃത്വം നല്‍കുന്ന അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക് കാര്‍ഡിയോളജി ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നവനീത ശശികുമാര്‍ പറയുന്നു ”അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക് വിഭാഗം ഏറ്റവും മികച്ചതും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതുമായ പരിചരണമാണ് ലഭ്യമാക്കുന്നത്. ഈ മികച്ച പരിചരണത്തിന്റെ പ്രയോജനം ലഭിച്ച ആയിരക്കണക്കിന് കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നവരായി വളര്‍ന്നിരിക്കുന്നു.

പ്രത്യേക ശ്രദ്ധ നല്‍കേണ്ട ഇവരുടെ പരിചരണമെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള കേന്ദ്രീകൃതമായ എ.സി.എച്ച്.ഡി ടീമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.’ ഗവേഷണത്തിനും പരിശീലനത്തിനുമായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സ്ഥാപനങ്ങളുമായുള്ള സഹകരണവും ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

”ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 8 പേര്‍ ജന്മനാലുണ്ടാകുന്ന ഹൃദ്രോഗങ്ങളുമായാണ് ജനിക്കുന്നത്. ഇവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് വരെ ഒരു വയസ്സ് തികയുന്നതിന് മുന്‍പായി ഒരു ഓപ്പറേഷന്‍ അല്ലെങ്കില്‍ കത്തീറ്റര്‍ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമായി വരാം. രാജ്യത്ത് ആവശ്യമായ പീഡിയാട്രിക് കാര്‍ഡിയാക് കെയര്‍ ലഭ്യമല്ലാത്തതിനാല്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതുവരെ ഓപ്പറേഷന്‍ ചെയ്യപ്പെടാത്ത രോഗികള്‍ വലിയൊരു ശതമാനമുണ്ട്.

എ.സി.എച്ച്.ഡി രോഗികളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും അവരുടെ ക്ലിനിക്കല്‍ നിലയെ അടിസ്ഥാനമാക്കി ശ്രദ്ധാപൂര്‍വ്വം മരുന്നുകള്‍ ക്രമീകരിക്കുന്നതിലൂടെ ഹൃദ്രോഗങ്ങളെ നിയന്ത്രിക്കാനാകും. ബാക്കിയുള്ളവര്‍ക്കാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി അല്ലെങ്കില്‍ കത്തീറ്റര്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍ നടത്തുക. വളരെ സങ്കീര്‍ണമായ ചില കേസുകളില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ പോലും ആവശ്യമായി വന്നേക്കാം.

ചില രോഗികള്‍ക്ക് കാര്‍ഡിയോപള്‍മണറി ബൈപാസിന് കീഴില്‍ സങ്കീര്‍ണ്ണമായ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ വേണ്ടിവരും. മറ്റുള്ളവയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കൂടാതെ തന്നെ ഇന്റര്‍വെന്‍ഷണല്‍ കത്തീറ്ററൈസേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ സാധ്യമാണ്. അമൃത എ.സി.എച്ച്.ഡി ക്ലിനിക്കില്‍ ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി ഇല്ലാതെ തന്നെ വാല്‍വിലെ ബ്ലോക്കുകള്‍ ഒഴിവാക്കാനും ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതിനും അടഞ്ഞു പോയ രക്തക്കുഴലുകള്‍ തുറക്കുന്നതിനും വാല്‍വുകള്‍ മാറ്റിവെയ്ക്കുന്നതിനും ഉള്‍പ്പെടെയുള്ള നിരവധി നടപടി ക്രമങ്ങള്‍ സാധ്യമാണ് ”. ഡോ. നവനീത ശശികുമാര്‍ വ്യക്തമാക്കി.

 

TAGS: Amrita Hospital |