ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭാവസ്ഥയ്ക്ക് വിദഗ്ധ പരിചരണം നല്‍കി മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍

Posted on: April 11, 2024

കണ്ണൂര്‍ : ആര്‍ എച്ഛ് ഫാക്ടര്‍ അലോഇമ്മ്യൂണൈസേഷന്‍ മൂലമുണ്ടാകുന്ന അപകട സാധ്യതയോടെയുള്ള ഗര്‍ഭധാരണം, ഗര്‍ഭിണികള്‍ക്കും അവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായാണ് കണ്ടു വരുന്നത്. ആര്‍ എച്ഛ് പൊരുത്തക്കേടിന്റെ സങ്കീര്‍ണതകള്‍ അഭിമുഖീകരിച്ച ഗര്‍ഭിണിയായ വനിതയ്ക്ക് അവരുടെ മൂന്നാമത്തെ ഗര്‍ഭകാലത്ത് മംഗലാപുരം കെഎംസി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ഈ വെല്ലുവിളി തരണം ചെയ്യാന്‍ കഴിഞ്ഞു.

അമ്മയ്ക്ക് നെഗറ്റീവ് ആര്‍ എച്ഛ് രക്തഗ്രൂപ്പും പിതാവിന് പോസിറ്റീവ് ആര്‍ എച്ഛ് രക്തഗ്രൂപ്പും ഉള്ളപ്പോള്‍ ആര്‍ എച്ഛ് പൊരുത്തക്കേട് സംഭവിക്കുന്നു. ‘ആര്‍ എച്ഛ് ഫാക്ടര്‍ അലോഇമ്മ്യൂണൈസേഷന്‍ മൂലം തുടര്‍ന്നുള്ള ഗര്‍ഭധാരണങ്ങള്‍ സങ്കീര്‍ണ്ണമായേക്കാം. അമ്മയുടെ പ്രതിരോധ സംവിധാനം ഗര്‍ഭപിണ്ഡത്തിന്റെ ആര്‍ എച്ഛ് പോസിറ്റീവ് രക്തത്തിനെതിരെ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നതു കൊണ്ടാണിത്,’ മംഗലാപുരം കെഎംസി ഹോസ്പിറ്റലിലെ ഒബിജി കണ്‍സള്‍ട്ടന്റ് ഡോ. സമീന എച്ച് വിശദീകരിച്ചു.

രമ്യ (ശരിയായ പേരല്ല) എന്ന സ്ത്രീ തന്റെ മൂന്നാമത്തെ ഗര്‍ഭകാലത്ത് ഭയാനകമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കവേയാണ് കെ എം സി ഹോസിപിറ്റലിലെ വിദഗ്ധ സഹായം തേടിയത്. ഇതിനു മുമ്പ് ഗര്‍ഭകാലത്ത് അവരുടെ കുഞ്ഞിന് ഇന്‍ട്രാസെറിബ്രല്‍ ഹെമറേജ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സങ്കീര്‍ണതകള്‍ക്കും ഒടുവില്‍ നഷ്ടത്തിനും ഇടയാക്കി. കൂടുതല്‍ വെല്ലുവിളികള്‍ ഭയന്ന ഗര്‍ഭിണിയായ ആ സ്ത്രീ കെഎംസി ആശുപത്രിയില്‍ എത്തി തീവ്ര നിരീക്ഷണത്തിനു വിധേയയാകുകയായിരുന്നു.

ഡോ. സമീനയും സംഘവും സൂക്ഷ്മമായി നിരീക്ഷിക്കുകയും, ആവര്‍ത്തിച്ചുള്ള രക്തപരിശോധന നടത്തുകയും ചെയ്തു. 30-ാമത്തെ ആഴ്ച വരെ ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിലും, 32-ാം ആഴ്ചയില്‍, ഗര്‍ഭിണിയായ സ്ത്രീയുടെ ഐ സി ടി (ഇന്‍ഡയറക്ക്റ്റ് കൂംബ്‌സ് ടെസ്റ്റ്) പോസിറ്റീവ് ആയി കണ്ടെത്തി. ഇത് ഗര്‍ഭ പിണ്ഡത്തിന്റെ വിളര്‍ച്ചയെ സൂചിപ്പിക്കുന്നതായിരുന്നു. ‘ഗര്‍ഭപിണ്ഡത്തിന്റെ വിളര്‍ച്ച അപകടസാധ്യത സൃഷ്ടിച്ചതിനാല്‍ ശ്രദ്ധാപൂര്‍വ്വമായ ചികിത്സാരീതികള്‍ ആവശ്യമായി വന്നു,’ ഡോ. സമീന പറഞ്ഞു.

‘ഗര്‍ഭാശയ ട്രാന്‍സ്ഫ്യൂഷന്റെ (ഐയുടി) ഗുരുതരമായ ഗര്‍ഭ പിണ്ഡ വിളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള ഒരു സവിശേഷ പ്രക്രിയയാണ്. ഗര്‍ഭ പിണ്ഡത്തിന്റെ ഹീമോഗ്ലോബിന്‍ അളവ് കുത്തനെ ഇടിഞ്ഞതോടെ, സമയോചിതമായ ഇടപെടല്‍ നടത്തിയാണ് ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായത്,’ ഐയുടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കെഎംസി ഹോസ്പിറ്റലിലെ ഫീറ്റല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. പുണ്ഡലിക് ബാലിഗ വ്യക്തമാക്കി. കെഎംസി ഹോസ്പിറ്റലിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ് ഇമ്മ്യൂണോഹെമറ്റോളജി വിഭാഗം ഓ നെഗറ്റീവ് റേഡിയേറ്റഡ്, ല്യൂക്കോസൈറ്റ്-ഡീപ്ലീറ്റഡ് പാക്ക് ചെയ്ത ചുവന്ന രക്താണുക്കള്‍ നടപടിക്രമത്തിനായി ക്രമീകരിച്ചു. ഡോ ബാലിഗയും സംഘവും സൂക്ഷ്മതയോടെ ഗര്‍ഭാശയ ട്രാന്‍സ്ഫ്യൂഷന്‍ നടത്തി കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുകയായിരുന്നു.

മാസം തികയാതെയുള്ള പ്രസവവുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ മറികടക്കാന്‍, ഗര്‍ഭം 35-ാം ആഴ്ച വരെ നീട്ടിവെക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു നിര്‍ണായകമായിരുന്നു. കെഎംസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് നിയോനറ്റോളജിസ്റ്റും പീഡിയാട്രീഷ്യനുമായ ഡോ. മരിയോ ജെ. ബുകെലോ യുടെ അഭിപ്രായത്തില്‍, ‘ജനന ശേഷം, കുഞ്ഞിന് വിളര്‍ച്ച ഉണ്ടായിരുന്നു. സാധാരണ നവജാതശിശുക്കളേക്കാള്‍ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നു. കുഞ്ഞിന്റെ ഹീമോഗ്ലോബിന്‍, ബിലിറൂബിന്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രണ്ട് എക്‌സ്‌ചേഞ്ച് ട്രാന്‍സ്ഫ്യൂഷനുകള്‍ നടത്തി.’

ആര്‍ എച്ഛ് ഫാക്ടര്‍ അലോഇമ്മ്യൂണൈസേഷന്റെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള വിപുലമായ മെഡിക്കല്‍ ഇടപെടലുകളുടെ ശക്തിയാണ് വിജയകരമായ ഈ ഫലം തെളിയിക്കുന്നത്. മികച്ച പരിചരണത്തിലൂടെയും വൈദഗ്ധ്യത്തിലൂടെയും, രമ്യയും കുഞ്ഞും സുരക്ഷിതരായി. ഇത് സമാന സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഗര്‍ഭിണികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രചോദനം കൂടിയാണ്.

ഏറെ അപകടസാധ്യതയുള്ള ഗര്‍ഭധാരണം കൈകാര്യം ചെയ്യുന്നതില്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി പിന്തുണയുടെ പ്രാധാന്യം കെഎംസി ഹോസ്പിറ്റലിലെ റീജിയണല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഗീര്‍ സിദ്ദിഖി അടിവരയിടുന്നു. ‘സുരക്ഷിത പ്രസവം ഉറപ്പാക്കുന്നതിലും സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിലും ഓരോ ഡോക്ടര്‍ക്കും നിര്‍ണായക പങ്കുണ്ട്. സ്‌പെഷ്യലിസ്റ്റുകള്‍ തമ്മിലുള്ള സഹകരണവും, കൃത്യമായ ആസൂത്രണവും സമയബന്ധിതമായ ഇടപെടലുകളും ഗര്‍ഭകാലത്തുടനീളം ഉറപ്പുനല്‍കുന്നു,’ സിദ്ദിഖി പറഞ്ഞു.