ന്യൂറോ സര്‍ജറി മേഖലയിലെ നൂതന അറിവുകള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: April 16, 2024

കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ആസ്റ്റര്‍ ന്യൂറോ സര്‍ജിക്കല്‍ അപ്ഡേറ്റ്’ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19, 20 തീയതികളില്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് ന്യൂറോ സര്‍ജറിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം നടക്കുക.

ന്യൂറോ സര്‍ജറി മേഖലയിലെ ആരോഗ്യ വിദഗ്ധര്‍ക്കും ഗവേഷകര്‍ക്കും ഒത്തുചേരാനും ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കുവക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ന്യൂറോ സര്‍ജറി മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍, ശസ്ത്രക്രിയാ രീതികള്‍, ചികിത്സകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകളും പ്രസന്റേഷനുകളും അവതരിപ്പിക്കും. ആസ്റ്റര്‍ ഗ്രൂപ്പിന് കീഴിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

പരിപാടിയോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ആരംഭിച്ചിട്ട് 10 വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ ഇന്ത്യ സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി എന്നിവരുടെ നേതൃത്വത്തില്‍ ‘ആസ്റ്റര്‍ മെഡ്സിറ്റിയുടെ ഭാവി കാഴ്ചപ്പാടുകള്‍’, ‘അടുത്ത 10 വര്‍ഷത്തില്‍ ആസ്റ്ററിന്റെ സ്ഥാനം എവിടെയായിരിക്കും?’ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കും.

ആസ്റ്റര്‍ ന്യൂറോ സര്‍ജിക്കല്‍ അപ്ഡേറ്റിന് ആതിഥേയത്വം വഹിക്കുന്നതിനും ന്യൂറോ സര്‍ജറി മേഖലയിലെ വിപ്ലവകരമായ മുന്നേറ്റങ്ങളും അറിവുകളും പങ്കുവെക്കുന്നതിനായി വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദിലീപ് പണിക്കര്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ചതും സുസജ്ജവുമായ ന്യൂറോ സര്‍ജറി വിഭാഗമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടേത്. വിപുലമായ ന്യൂറോ സര്‍ജറി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12,000-ത്തോളം ശസ്ത്രക്രിയകളാണ് നടത്തിയത്. 100ലധികം ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ശസ്ത്രക്രിയകള്‍, 500-ഓളം എവേക് ബ്രെയിന്‍ ശസ്ത്രക്രിയകള്‍, 1500-ല്‍ പരം എന്‍ഡോസ്‌കോപ്പിക് സ്‌കള്‍ബേസ് ശസ്ത്രക്രിയകള്‍, 3,500-ല്‍ കൂടുതല്‍ മിനിമലി ഇന്‍വേസിവ് സ്‌പൈന്‍ ശസ്ത്രക്രിയകള്‍, 50-ഓളം മസ്തിഷ്‌ക ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടുന്നു. ന്യൂറോസര്‍ജിക്കല്‍ ഡിസീസ് സ്‌പെക്ട്രത്തിന്റെ വിവിധ ശ്രേണികള്‍ കൈകാര്യം ചെയ്യുന്നതും ഈ വിഭാഗമാണ്.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മസ്തിഷക വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതന ചികിത്സാ മാര്‍ഗമായ ഗാമാ നൈഫ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. ട്യൂമറുകള്‍, വാസ്‌കുലര്‍ തകരാറുകള്‍, പ്രവര്‍ത്തന വൈകല്യങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്കുള്ള ആധുനിക സാങ്കേതിക വിദ്യയായ ഗാമാ നൈഫ് റേഡിയോ സര്‍ജറി ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവരുന്നത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ്.

മറ്റ് ആശുപത്രികളിലെ ന്യൂറോ സര്‍ജന്‍മാര്‍, ആസ്റ്റര്‍ മെഡ്സിറ്റിയിലെ മുന്‍ സിഇഒമാരായ ഡോ ഹരീഷ് പിള്ള, അമ്പിളി വിജയരാഘവന്‍, കമാന്‍ഡര്‍ (റിട്ട) ജെല്‍സണ്‍ എ കവലക്കാട്ട് തുടങ്ങിയവര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.