രണ്ടാം കോവിഡ് തരംഗം : കുട്ടികളില്‍ ഗുരുതരമായ എംഐഎസ്-സി രോഗതരംഗത്തിന് സാധ്യത

Posted on: July 9, 2021

കൊച്ചി : ദക്ഷിണേന്ത്യയില്‍ ഉടനീളം വരാനിരിക്കുന്ന, കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം അഥവാ എംഐഎസ്-സി (മിസ്‌ക്) തരംഗത്തെക്കുറിച്ച് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ തന്നെ എംഐഎസ്-സി ലക്ഷണങ്ങളുമായി ആശുപത്രിയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി കണ്ടു വരുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. കോവിഡ് ബാധിച്ച കുട്ടികളെയോ അല്ലെങ്കില്‍ കോവിഡ് ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികളെയോ പ്രധാനമായും ബാധിക്കുന്ന ഈ രോഗം, മുതിര്‍ന്നവരില്‍ ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിരിക്കുന്ന കോവിഡ് തരംഗത്തിനു ശേഷം 3 മുതല്‍ 6 ആഴ്ച വരെ പിന്നിടുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം അവസാനത്തിലേക്ക്് എത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍, കുറച്ചു സമയത്തിനുള്ളില്‍ തന്നെ എംഐഎസ്-സി തരംഗം യുവജനങ്ങളില്‍ കണ്ടു തുടങ്ങാനുള്ള സാധ്യതയുളളതായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കരുതുന്നു. രോഗപ്രതിരോധ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വീക്കം കുട്ടികള്‍, കൗമാരക്കാര്‍, ചെറുപ്പക്കാര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്. എംഐഎസ്-സി ബാധിക്കുന്നവരില്‍ 50 ശതമാനത്തിലധികം പേര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. രോഗികളില്‍ ഹൃദയത്തിനുണ്ടാകുന്ന തകരാറുകളുടെ തീവ്രതയാണ് രോഗത്തിന്റെ അനന്തര ഫലം എന്തായിരിക്കുമെന്ന് നിര്‍ണയിക്കുക.

ഇത്തരം കേസുകള്‍ കൂടി വരുന്ന സാഹചര്യത്തെപ്പറ്റി കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റുമറ്റോളജി വിഭാഗത്തിലെ ഡോ.സുമ ബാലന്‍ പറയുന്നു. ‘മുതിര്‍ന്നവരിലെ കോവിഡ് തരംഗവുമായി എംഐഎസ്-സി ക്ക് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് തരംഗം കൂടുതലാണെങ്കില്‍ മിസ്‌ക് തരംഗവും കൂടുതലായിരിക്കും. ദക്ഷിണേന്ത്യയില്‍ നിലവിലെ കോവിഡ് തരംഗം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതലായതിനാല്‍ വരും മാസങ്ങളില്‍ കേരളത്തിലും ദക്ഷിണേന്ത്യയിലും ഒരു വലിയ എംഐഎസ്-സി തരംഗത്തിനുള്ള ഒരു സാധ്യത ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയ കേസുകളില്‍ പെട്ടെന്നുണ്ടാകുന്നതും അതിവേഗം തീവ്രത കൂടുന്നതുമായ കടുത്ത പനി, ഹൃദയവും ചെറുകുടലും ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകല്‍ എന്നിവയാണ് എംഐഎസ്-സി ലക്ഷണങ്ങളായി കണ്ടുവരുന്നത്. കോവിഡ് 19 നേരത്തെ ബാധിച്ച ഒരു കുട്ടിക്ക് എംഐഎസ്-സി ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതുകൊണ്ടു തന്നെ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യുന്നില്ല. കോവിഡ് ഭേദമായി കഴിഞ്ഞ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ എംഐഎസ്-സി പ്രകടമാകാന്‍ തുടങ്ങും’.

എംഐഎസ്-സി സ്റ്റിറോയ്ഡുകളുടെയും ഇന്‍ട്രാവൈനസ് ഇമ്യൂണോഗ്ലോബുലിന്റെയും മറ്റു സൗകര്യങ്ങളുടെയും പിന്തുണയോടെയും ചികിത്സിക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ഭൂരിഭാഗം കേസുകളിലും തീവ്രപരിചരണം ആവശ്യമാണ്. ചില കുട്ടികളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതിനാല്‍ ശ്വസിക്കാനുള്ള സംവിധാനവും ചികിത്സയും വേണ്ടി വരാറുണ്ട്. ഇന്‍ട്രാവൈനസ് ഇമ്യൂണോഗ്ലാബുലിന്റെ ഉയര്‍ന്ന ചിലവ് കാരണം കൊണ്ടു തന്നെ മിസ്‌ക് ചികിത്സ വളരെ ചിലവേറിയതാണ്.

 

TAGS: Amrita Hospital |