സൗദി വ്യോമയാന രംഗത്ത 28 വിഭാഗങ്ങള്‍ സ്വദേശിവത്കരിക്കുന്നു

Posted on: January 27, 2021

ജിദ്ദ : സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സൗദി അറേബ്യ വ്യോമ ഗതാഗത രംഗത്തെ 28 മേഖലകളില്‍ സൗദിവത്കരണം നടപ്പാക്കുന്നു. 10,000 പേര്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്.

വ്യോമഗതാഗത മേഖലയിലെ ജോലികള്‍ സൗദിവത്കരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക്) അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യോമഗതാഗത മേഖലയിലെ 28 തൊഴിലുകള്‍ പ്രാദേശികവത്ക്കരിക്കുന്നതിലൂടെ സൗദ്യ സൗരന്‍മാര്‍ക്ക് 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഗാക്ക് ലക്ഷ്യമിടുന്നത്. പൈലറ്റ്, ലൈറ്റ് അറ്റന്‍ഡര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, ഫ്‌ളൈറ്റ് യാര്‍ഡ് കോര്‍ഡിനേറ്റര്‍, ഗ്രൗണ്ട് ഹാന്‍ഡിലിംഗ്, ചരക്ക്, യാത്രക്കാര്‍, ഫ്‌ളൈറ്റ കാറ്ററിംഗ് തുടങ്ങി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളും സ്വദേശിവത്കരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നു.

സൗദിവിഷന്‍ 2030-ന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. 2021, 2022, 2023 എന്നീ മൂന്നുവര്‍ഷത്തെ നൂതന പ്രവര്‍ത്തന പദ്ധതി പ്രകാരമാണ് വ്യോമ ഗതാഗത മേഖലയിലെ 28 പ്രത്യേക ജോലികളുടെ സൗദിവത്ക്കരണത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍, എല്ലാ വിമാനത്താവളങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ലൈന്‍സ്, മെയിന്റനന്‍സ്, ഓപ്പറേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍, സേവനദാതാക്കള്‍ എന്നിവരോട് ഗാക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതിമാസഅടിസ്ഥാനനത്തില്‍ ഈ സംരംഭത്തിന്റെ നടത്തിപ്പ് നിരീക്ഷിച്ച് പിന്തുടരാനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും അധികാരികള്‍ക്ക് സമര്‍പ്പിക്കാനും വര്‍ക്കിംഗ് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സൗദിപൗരന്‍മാരെ ലക്ഷ്യമിട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് സ്വദേശിവത്കരണ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

 

TAGS: Saudi Arabia |