സൗദിയിൽ മാർച്ച് 31 മുതൽ വിമാനസർവീസ്

Posted on: January 11, 2021

റിയാദ് : കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസ് മാര്‍ച്ച് 31 നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ അറിയിച്ചു.

ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും ഇതോടെ സൗദിയില്‍ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും.
നിലവില്‍ ഇന്ത്യയില്‍നിന്നു നേരിട്ടു സാധാരണ വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് അത്യാവശ്യക്കാര്‍ സൗദിയില്‍ എത്തുന്നത്.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കു വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും തിരികെ ആളെ അയയ്ക്കാന്‍ അനുമതിയില്ല. എയര്‍ ബബിള്‍ കരാര്‍ വന്നാല്‍ മാത്രമേ മാര്‍ച്ചിനു മുന്‍പ് ഇന്ത്യക്കാരെ നേരിട്ടു സൗദിയിലെത്തിക്കാനാകൂ.

കോവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞ മാര്‍ച്ച് 16 ന് ആണു സൗദി രാജ്യാന്തര അതിര്‍ത്തി അടച്ചത്.