സിന്തൈറ്റ് ചെയർമാൻ സി. വി. ജേക്കബ് അന്തരിച്ചു

Posted on: January 31, 2021

കൊച്ചി : പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് ഉടമയുമായ സി.വി. ജേക്കബ് (87) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയിരുപ്പിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ മേപ്പാടം കുടുംബാംഗം. മക്കൾ : ഡോ. വിജു ജേക്കബ്, അജു ജേക്കബ്, എൽവി, സിൽവി, മിന്ന, മിന്നി.

പ്രമുഖ കോൺട്രാക്ടർ കോലഞ്ചേരി നെച്ചുപ്പാടം സി.യു. വർക്കിയുടെയും ഏലിയുടെയും മകനായി 1933 സെപ്റ്റംബർ 27 ന് ജനിച്ചു. പതിനേഴാം വയസിൽ ഏലയ്ക്ക വ്യാപാരത്തിലൂടെ സംരംഭകനായ ജേക്കബ് പിന്നീട് നിരവധി റോഡുകൾ, പാലങ്ങൾ, ജലവൈദ്യുതി പദ്ധതികളുടെയും നിർമാണ ജോലികൾ ഏറ്റെടുത്തു. ഇടുക്കി അണക്കെട്ടിൽ നിന്നും മൂലമറ്റം പവർഹൗസിലേക്കുള്ള ടണൽ നിർമാണം നടത്തിയത് ജേക്കബിന്റെ വർക്കി സൺസ് എൻജിനിയേഴ്‌സ് എന്ന സ്ഥാപനമാണ്.

തുടർന്ന് 1972 ൽ സിന്തൈറ്റ് സ്ഥാപിച്ചു. സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് 500 ലേറെ ഇനം സത്തുക്കൾ (ഒലിയോറെസിൻസ്) ആണ് സിന്തൈറ്റ് ഇൻഡസ്ട്രീസ് വേർതിരിച്ചെടുക്കുന്നത്. മികച്ച കയറ്റുമതിക്കുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡുകൾ നിരവധി വർഷങ്ങളിൽ സിന്തൈറ്റിന് ലഭിച്ചിട്ടുണ്ട്. ആഗോള ഒലിയോറെസിൻ വിപണിയുടെ 40 ശതമാനത്തോളം വിപണിവിഹിതം സിന്തൈറ്റിനുണ്ട്. സ്‌പൈസസ് ബോർഡ് വൈസ് ചെയർമാനായിരുന്നു.

എറണാകുളം ജില്ലയിലെ കോലഞ്ചേരിക്ക് അടുത്ത് കടയിരുപ്പിൽ ആണ് സി. വി. ജേക്കബ് സിന്തൈറ്റിന് തുടക്കം കുറിച്ചത്. വ്യവസായിക ആവശ്യത്തിനും ഭക്ഷ്യോത്പാദനമേഖലയ്ക്കും ആവശ്യമായ സുഗന്ധവ്യഞ്ജന സത്തുകളാണ് സിന്തൈറ്റ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും വിദേശത്ത് ചൈന, വിയറ്റ്‌നാം, ശ്രീലങ്ക, ഉക്രൈൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ സിന്തൈറ്റിന് ഫാക്ടറികളും യുഎസിലും യൂറോപ്പിലെ വിവിധ നഗരങ്ങളിലും സെയിൽസ് ഓഫീസുകളുമുണ്ട്.

കിച്ചൺ ട്രഷേഴ്‌സ് ബ്രാൻഡിലുള്ള കറിപ്പൊടികളും മസാലകളും വഴി കൺസ്യൂമർ വിപണിയിലും സിന്തൈറ്റിന്റെ സജീവ സാന്നിധ്യമുണ്ട്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലും സിന്തൈറ്റിന് സംരംഭങ്ങളുണ്ട്. പൊതു- സ്വകാര്യപങ്കാളിത്തത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി രൂപീകൃതമായപ്പോൾ 25 ലക്ഷം രൂപ നൽകി ഓഹരിപങ്കാളിത്തം നേടിയ ആദ്യ വ്യക്തികളിലൊരാളാണ് സി. വി. ജേക്കബ്. തുടക്കം മുതൽ സിയാൽ ഡയറക്ടർബോർഡ് അംഗവുമായിരുന്നു.

കോലഞ്ചേരി എം ഒ എസ് സി മെഡിക്കൽ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ്, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ, പീരുമേട് മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജ് എന്നിവ സ്ഥാപിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. ഇതിനു പുറമെ സി.വി.ജെ. ഫൗണ്ടേഷനിലൂടെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റിക്കൊണ്ടിരുന്നു.