മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന

Posted on: April 17, 2024

ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയര്‍ന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് വര്‍ദ്ധനവിന് കാരണമായത്.

2020-2021 സാമ്പത്തിക വര്‍ഷത്തിനു ശേഷം മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വര്‍ധനയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി 4.46 കോടി നിക്ഷേപകരാണ് ഈ മേഖലയില്‍ എത്തിയത്. ഇതോടെ മൊത്തം നിക്ഷേപകര്‍ 17.78 കോടിയിലെത്തി.

നിക്ഷേപകരില്‍ 23 ശതമാനം സ്ത്രീകളാണ്. എസ്‌ഐപികളില്‍ ഉള്ള നിക്ഷേപം മാര്‍ച്ചില്‍ 19,300 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം എസ്‌ഐപികളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്.

TAGS: Mutual Funds |