യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു

Posted on: April 25, 2024

ന്യൂഡല്‍ഹി : സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കിയശേഷം യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15% വര്‍ധിച്ചു. 2030 ല്‍ ഇരു രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളര്‍ കടക്കുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) കൗണ്‍സില്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ജ്‌നെയ്ബി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരില്‍ നടന്ന ബിസിനസ് റൗണ്ട് ടേബിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 മേയ് ഒന്നിനാണ് ഇന്ത്യ- യുഎഇ സെപ കരാര്‍ (കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്‌നര്‍ഷിപ് എഗ്രിമെന്റ്) ഒപ്പുവച്ചത്. സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായതായി കഴിഞ്ഞ ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയോടനുബന്ധിച്ചു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും പ്രഖ്യാപനമുണ്ടായി.

ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാരപങ്കാളിയും ആണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8500 കോടി ഡോളറും ഇന്ത്യയിലേക്കുള്ള യുഎഇയുടെ നേരിട്ടുള്ള നിക്ഷേപം 330 കോടി ഡോളറുമായി 2023 ല്‍ വര്‍ധിച്ചെന്ന് അഹമ്മദ് അല്‍ജ്‌നെയ്ബി പറഞ്ഞു.