ജിയോയിലേക്ക് വീണ്ടും നിക്ഷേപം, ഗൂഗിൾ 33,737 കോടി മുതൽമുടക്കും ; മൊത്തം നിക്ഷേപം 1.52 ലക്ഷം കോടി കടന്നു

Posted on: July 15, 2020

മുംബൈ : ഗൂഗിൾ, ജിയോ പ്ലാറ്റ്‌ഫോംസിൽ 33,737 കോടി രൂപ മുതൽമുടക്കി 7.73 ശതമാനം ഓഹരികൾ വാങ്ങും. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 152, 056 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ജിയോ സ്വീകരിച്ചു. ഗൂഗിളിന്റെ നിക്ഷേപം കൂടി എത്തുന്നതോടെ ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യം 4.36 ലക്ഷം കോടിയായി. ഇന്ത്യ ഡിജിറ്റൈസേഷന്റെ ഭാഗമായി ഇരു കമ്പനികളും ചേർന്ന് എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ വികസിപ്പിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ 43 ാമത് വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഫേസ് ബുക്ക് (43,573.62 കോടി, 9.99 ശതമാനം), സിൽവർ ലേക്ക് (5,655.75 കോടി, 1.15 ശതമാനം), വിസ്റ്റ ഇക്വിറ്റി പാർട്ണർ (11,367 കോടി, 2.32 ശതമാനം), ജനറൽ അറ്റ്‌ലാന്റിക് (6,598.38 കോടി, 1.34 ശതമാനം), കെകെആർ (11,367 കോടി, 2.32 ശതമാനം), മുബദാല (9,093.60 കോടി, 1.85 ശതമാനം), സിൽവർ ലേക്ക് പാർട്‌ണേഴ്‌സ് (4,546.80 കോടി, 0.93 ശതമാനം), എ ഡി ഐ എ (5,683.50 കോടി, 1.16 ശതമാനം), ടി പി ജി (4,546.80 കോടി, 0.93 ശതമാനം), എൽ കാറ്റർട്ടൺ (1,894.50 കോടി, 0.39 ശതമാനം), പിഐഎഫ് (11,367 കോടി, 2.32 ശതമാനം), ഇന്റൽ കാപ്പിറ്റൽ (1,894.50 കോടി, 0.39 ശതമാനം), ക്വാൽകോം വെഞ്ചേഴ്‌സ് (730.55 കോടി, 0.15 ശതമാനം) എന്നിവരിൽ നിന്ന് നേരത്തെ ജിയോ 1,18,319 ലക്ഷം കോടി രൂപ സമാഹരിച്ചു.