റിലയന്‍സിന്റെ ജിയോ സിനിമയും ഡിസ്‌നിയുടെ ഡിസിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയനത്തിനൊരുങ്ങുന്നു

Posted on: December 28, 2023

മുംബൈ : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മിഡിയ ബിസിനസും ലയനത്തിനൊരുങ്ങുന്നു. ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാകും. ലയനത്തിന്റെ ഭാഗമായി ഇരുകമ്പനികളും നോണ്‍-ബൈന്‍ഡിംഗ് കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം റിലയന്‍സിന്റെ ജിയോ സിനിമയും ഡിസ്‌നിയുടെ ഡിസിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയിക്കും.

നിലവില്‍ വയാകോം 18ന് കീഴിലായി റിലയന്‍സിന് ജിയോ സിനിമ ഉള്‍പ്പെടെ വിവിധ സ്ട്രീമിംഗ് ആപ്പുകളും ടെലിവിഷന്‍ ചാനലുകളുമുണ്ട്. ലയനത്തിന്റെ ഭാഗമായി സ്റ്റാര്‍ ഇന്ത്യയുടെ നിയന്ത്രണത്തിനായി വയാകോം 18ന് കീഴില്‍ റിലയന്‍സ് അനുബന്ധ സ്ഥാപനം സൃഷ്ടിച്ചേക്കും. ഇതോടെ സ്റ്റാര്‍ ഇന്ത്യ ചാനലുകളുടെ നിയന്ത്രണവും റിലയന്‍സിനാകും. നിലവില്‍ സ്റ്റാര്‍ ഇന്ത്യക്ക് കീഴിലാണ് ഏഷ്യാനെറ്റ്, നാഷണല്‍ ജിയോഗ്രഫി തുടങ്ങിയ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. 2024 ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാകും.

ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്‌നിക്ക് 49 ശതമാനം പങ്കാളിത്തമാണ് ഉണ്ടാവുക. റിലയന്‍സ് ഡിസ്‌നി ലയനം ഇന്ത്യയിലെ ഒടിടി വിപണിയില്‍വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയ സ്ട്രീമിംഗ ്‌സേവനങ്ങളോടായിരിക്കും ഇത് മത്സരിക്കുക.