വട്ടിയൂർക്കാവും കോന്നിയും തിരിച്ചുപിടിച്ച് എൽഡിഎഫ് ; അരൂരും മഞ്ചേശ്വരവും എറണാകുളവും യുഡിഎഫിന്

Posted on: October 24, 2019

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു. വട്ടിയൂർക്കാവും കോന്നിയും എൽഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം സമയം ഇടതു കോട്ടയായ അരൂരിൽ യുഡിഎഫ് അട്ടിമറി വിജയം നേടി. മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തി.

വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മേയറുമായ വി.കെ. പ്രശാന്ത് 14,438 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിലെ കെ. മോഹൻകുമാറായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. 2011 ൽ മണ്ഡലം രൂപീകരിച്ചപ്പോൾ മുതൽ യുഡിഎഫിലെ കെ. മുരളീധരനാണ് ഇവിടെ വിജയിച്ചിരുന്നത്.

വി. കെ. പ്രശാന്തിന് 46,067 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ കെ. മോഹൻകുമാറിന് 33,720 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എസ്. സുരേഷ് 24,490 വോട്ടുകളും നേടി.

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്‌കുമാർ വിജയിച്ചു. ഭൂരിപക്ഷം 10031 വോട്ടുകൾ. അടൂർ പ്രകാശ് 23 വർഷമായി കൈവശംവെച്ചിരുന്ന കോന്നി മണ്ഡലം യുഡിഎഫിന് നഷ്ടപ്പെട്ടു.

ജനീഷ് കുമാറിന് 53,806 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻ രാജിന് 43,775 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് 39,534 വോട്ടുകളും ലഭിച്ചു.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം. സി. ഖമറുദ്ദീൻ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഖമറുദ്ദീന് 65,407 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിക്ക് 57,484 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ 38,233 വോട്ടുകളും നേടി.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി. ജെ. വിനോദ് 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് വിനോദിന് ലഭിച്ചത്. 2016 ൽ ഹൈബി ഈഡൻ 21,949 വോട്ടുകൾക്കാണ് വിജയിച്ചത്. കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമാണ് ടി.ജെ. വിനോദ്.

ടി. ജെ. വിനോദിന് 37516 വോട്ടുകളും എൽഡിഫ് സ്ഥാനാർത്ഥി മനു റോയ് 33,843 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി സി. ജി. രാജഗോപാൽ 13,259 വോട്ടുകളും നേടി. മനു റോയിയുടെ അപരൻ 2400 വോട്ടുകൾ നേടി. നോട്ടയ്ക്ക് ആയിരത്തിലേറെ വോട്ടുകൾ ലഭിച്ചു.

അരൂരിൽ യൂഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് അട്ടിമറി വിജയം. ലീഡ് 1955 വോട്ടുകൾ. ഷാനിമോൾ ഉസ്മാന് 68,851 വോട്ടുകൾ ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയേക്കും. മാറ്റിവെച്ച മൂന്ന് വോട്ടിംഗ് മെഷീനുകൾ എണ്ണുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് എൽഡിഎഫിന്റെ കൈയിലിരുന്ന മണ്ഡലം ഷാനിമോൾ തിരിച്ചുപിടിച്ചത്. മൂന്നാം തവണയാണ് ഷാനിമോൾ ഉസ്മാൻ നിയമസഭിയിലേക്ക് മത്സരിക്കുന്നത്. എൽഡിഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 66,896 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന് 16,215 വോട്ടുകളും ലഭിച്ചു.