ജെറ്റ് എയർവേസിന്റെ നിയന്ത്രണം ഇത്തിഹാദ് ഏറ്റെടുക്കുന്നു

Posted on: January 16, 2019

അബുദാബി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിന്റെ നിയന്ത്രണം യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഏറ്റെടുക്കുന്നു. ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം 24 ൽ നിന്ന് 49 ശതമാനമായി ഉയർത്താനാണ് ഇത്തിഹാദ് ഒരുങ്ങുന്നത്. ഇതോടെ ജെറ്റ് എയർവേസിന്റെ മാനേജ്‌മെന്റ് നിയന്ത്രണം നരേഷ് ഗോയലിന് നഷ്ടമാകും. ഇടക്കാലത്ത് ടാറ്റാ ഗ്രൂപ്പ് ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും നീക്കം ഫലം കണ്ടില്ല.

ജെറ്റ് എയർവേസിനെ കൈപ്പിടിയിലൊതുക്കുന്നതോടെ അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാനവിപണി ഇത്തിഹാദിന് തുറന്നുകിട്ടും. അബുദാബിയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും ധാരാളം പുതിയ സർവീസുകളും ആരംഭിക്കാൻ കഴിയും. ജെറ്റ് എയർവേസിലെ പ്രതിസന്ധി പരിഹരിക്കാൻ ചെയർമാൻ സ്ഥാനത്തു നിന്ന് നരേഷ് ഗോയൽ മാറണമെന്ന ഉപാധിയാണ് ഇത്തിഹാദ് മുന്നോട്ടുവച്ചത്. കഴിഞ്ഞ 25 വർഷമായി ജെറ്റ് എയർവേസിനെ നയിച്ച നരേഷ് ഗോയൽ മനസില്ലാമനസോടെ ആ നിർദേശം അംഗീകരിക്കുകയായിരുന്നു.

അതേസമയം മകൻ നിവാൻ ഗോയലിനെ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കണമെന്ന് നരേഷ് ഗോയൽ ആവശ്യപ്പെട്ടിട്ടുണ്ട്. നരേഷ് ഗോയലിന്റെ പത്‌നി അനിത ജെറ്റ് എയർവേസ് ഡയറക്ടർ ബോർഡിലുണ്ട്.