ഐബിഎസ് ‘ഐഫ്‌ളൈ കോര്‍പ്പറേറ്റിന്റെ’ പ്രഥമ ഉപഭോക്താവായി ഇത്തിഹാദ്

Posted on: April 30, 2022


തിരുവനന്തപുരം : ഐബിഎസ് സോഫ്റ്റ് വെയര്‍ പുതുതായി വിപണിയിലിറക്കിയ ഐഫ്‌ളൈ കോര്‍പ്പറേറ്റിന്റെ ആഗോളതലത്തിലെ ആദ്യ ഉപഭോക്താവായി യുഎഇ വിമാനക്കമ്പനി ഇത്തിഹാദ് എയര്‍വെയ്‌സ്. സോഫ്റ്റ് വെയര്‍ അധിഷ്ഠിത സേവനങ്ങളില്‍ പ്രമുഖരായ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഈ നൂതന സൊല്യൂഷന്‍ കോര്‍പ്പറേറ്റ് എയര്‍ലൈന്‍ യാത്രാനുഭവങ്ങളില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.

ഇടത്തട്ടുകാരെ ഒഴിവാക്കി കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സേവനം ലഭ്യമാക്കാന്‍ ഐഫ്‌ളൈ കോര്‍പ്പറേറ്റിലൂടെ ഇത്തിഹാദിന് കഴിയും. ഇത്തിഹാദിന്റെ ബിസിനസ് പങ്കാളികള്‍ക്ക് ഈ സ്വയം സേവന കോര്‍പ്പറേറ്റ് ട്രാവല്‍ സൊല്യൂഷന്‍ നേട്ടമാകും. പാസഞ്ചര്‍ സര്‍വീസ് സിസ്റ്റത്തിലൂടെ വിവിധ പ്ലാറ്റ് ഫോമുകളും എച്ച്ആര്‍ സംവിധാനങ്ങളും സമന്വയിപ്പിച്ച് അനായാസം ബുക്കിംഗ് നടത്താനാകും.

പ്രമുഖ ബിസിനസ് പങ്കാളികള്‍ക്ക് എല്ലാ ബുക്കിംഗുകളിലും അധികബാഗേജ്, അധിക ദൂരയാത്ര, എന്നിവയ്ക്ക് ഇളവുകള്‍ ലഭ്യമാക്കാനും ചെക്ക്-ഇന്നിനുള്ള മുന്‍ഗണന നല്‍കാനും സാധിക്കും. യാത്രാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ പ്രൊഫൈലുകള്‍, യാത്രാ കരാറുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഈ സൊല്യൂഷന്‍ സഹായകമാണ്.

ബിസിനസ് യാത്രകള്‍ സജീവമാകുന്ന ഈ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് സൊല്യൂഷനുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഐഫ്‌ളൈ കോര്‍പ്പറേറ്റിന്റെ സേവനം തേടുന്നതെന്ന് ഇത്തിഹാദ് ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് കാര്‍ഗോ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഡ്രൂ വ്യക്തമാക്കി. കമ്പനിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച കോര്‍പ്പറേറ്റ് അനുഭവം ഉറപ്പാക്കുന്നതിനും നൂതന സോഫ്റ്റ് വെയറിലൂടെ സാധിക്കും. വിമാനയാത്രാ അനുഭവങ്ങള്‍ നവീകരിക്കുന്നതിന് ഐബിഎസുമായി തുടര്‍ന്നും കൈകോര്‍ക്കാമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഫ്‌ളൈ കോര്‍പ്പറേറ്റിന്റെ ആദ്യ ഉപഭോക്താവായി ഇത്തിഹാദിനെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഐബിഎസ് വൈസ് പ്രസിഡന്റ് വിജയ് ആര്‍ ചക്രവര്‍ത്തി പറഞ്ഞു. ഇത്തിഹാദിന്റെ കോര്‍പ്പറേറ്റ് സേവനനിലവാരം മെച്ചപ്പെടുത്താന്‍ ഐഫ്‌ളൈ കോര്‍പ്പറേറ്റിലൂടെ സാധിക്കും. കോര്‍പ്പറേറ്റ് യാത്രാ സംവിധാനം ആധുനികവത്ക്കരിക്കുന്നതില്‍ ഇത്തിഹാദിനൊപ്പം സഹകരിക്കാന്‍ സന്തോഷമുണ്ടെന്നും ഇരുകൂട്ടര്‍ക്കും അതു പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, എഷ്യ, ആസ്‌ട്രേലിയ, നോര്‍ത്ത് അമേരിക്ക തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന യാത്ര, ചരക്കുഗതാഗത സേവനം നടത്തുന്ന ഇത്തിഹാദ് അബുദാബി ആസ്ഥാനമായി 2003ലാണ് ആരംഭിച്ചത്. മുഴുവന്‍ വിമാന ജീവനക്കാര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുകയും മികച്ച കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ലോകത്തിലെ തന്നെ പ്രമുഖ എയര്‍ലൈനാണിത്.