കാത്തലിക് സിറിയൻ ബാങ്കിന് 53 കോടിയുടെ റെക്കോർഡ് ലാഭം

Posted on: October 29, 2016

catholic-syrian-bank-big

തൃശൂർ : കാത്തലിക് സിറിയൻ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റെക്കോർഡ് ലാഭം നേടി. 53 കോടി രൂപയാണ് ഈ വർഷം ആദ്യ ആറു മാസത്തെ ലാഭം. ബാങ്കിന്റെ 96 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ആദായമാണിത്. കഴിഞ്ഞ വർഷത്തെ അർധ വാർഷിക റിപ്പോർട്ടനുസരിച്ച് 41 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർഷം ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്. ഈ വർഷത്തെ അർധ വാർഷിക റിപ്പോർട്ടനുസരിച്ചു പ്രവർത്തനലാഭം 95 കോടി രൂപയാണ്.

കിട്ടാക്കടം 405 കോടി രൂപയിൽനിന്ന് 331 കോടി രൂപയായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. ബാങ്കിന്റെ കറന്റ് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 18.64 ശതമാനത്തിൽനിന്ന് 21.30 ശതമാനമായി വർധിച്ചു.

മൂലധന പര്യാപ്തത 10.55 ശതമാനത്തിൽനിന്ന് 10.69 ശതമാനമായി വർധിപ്പിച്ചു. റിസർവ് ബാങ്കിന്റെ മാനദണ്ഡമനുസരിച്ച് 9.63 ശതമാനം ഉണ്ടായാൽ മതി. ബാങ്കിന്റെ മൂലധന ശേഷി 115 കോടി രൂപ കൂടി വർധിപ്പിച്ചു. ഇനിയും വർധിപ്പിക്കാനുള്ള നടപടിക പുരോഗമിക്കുകയാണ്.