കാത്തലിക് സിറിയന്‍ ബാങ്കില്‍ ഫെയര്‍ഫാക്‌സിന്റെ ആദ്യഘട്ട നിക്ഷേപം

Posted on: October 20, 2018

കൊച്ചി : കാത്തലിക് സിറിയന്‍ ബാങ്കില്‍ 51 ശതമാനം ഓഹരി പങ്കാളിത്തത്തിനായുള്ള ആര്‍ ബി ഐയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ലഭിച്ച കനേഡിയന്‍ നിക്ഷേപക സ്ഥാപനം ഫെയര്‍ഫാക്‌സ് ആദ്യഘട്ടം നിക്ഷേപം നടത്തി. വിവിധ അനുമതികള്‍ക്കായുള്ള ആറു മാസത്തെ കാത്തിരിപ്പിനു ശേഷമാണിത്.

ആദ്യ ഘട്ടമായി 440 കോടി രൂപയാണ് ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് മെച്യൂരിറ്റീസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ അനുബന്ധ ശാഖ വഴി നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ നിയന്ത്രണം ഫെയര്‍ഫാക്‌സിന്റെ കൈകളിലേക്ക് നീങ്ങുകയാണ്.

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേംവാട്‌സയുടെ ഉടമസ്ഥതയിലുള്ളതാണ് ഫെയര്‍ഫാക്‌സ്. ബാങ്കിന്റെ ഓഹരികളും ഓഹരികളാക്കി മാറ്റാനാകുന്ന സെക്യൂരിറ്റികളുമാണ് ഫെയര്‍ഫാക്‌സ് വാങ്ങുന്നത്. 1,200 കോടി രൂപയുടെ ഓഹരി കൈമാറ്റമാണ് ഇടപാട് പ്രകാരം നടക്കുക. ഓഹരിയൊന്നിന് 140 രൂപ നിരക്കിലാണ് വാങ്ങല്‍. ബാക്കി 760 കോടി രൂപ ബാങ്കിന്റെ അവശ്യാനുസരണം പിന്നീട് നല്‍കും. 18 മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും നല്‍കി ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കാത്തലിക് സിറിയന്‍ ബാങ്കിന്റെ മുഖ്യഓഹരി പങ്കാളി എന്ന നിലയില്‍ ഫെയര്‍ഫാക്‌സ് എത്തുന്നത് ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എം.ഡിയും സി ഇ ഒയുമായ സി.വി.ആര്‍ രാജേന്ദ്രന്‍  പറഞ്ഞു.

.