ലോകോത്തര ഫാഷൻ ബ്രാൻഡാകാൻ കെയർ

Posted on: December 7, 2014

 

ISMAYEL-RAWTHER-Big

എൻജിനീയറിംഗും ഫാഷനും തമ്മിൽ എന്ത് ബന്ധമെന്നു ചോദിക്കരുത്. കാര്യമുണ്ടെന്ന് മുവാറ്റുപുഴ കാര്യമറ്റം കക്കുറിഞ്ഞിയിൽ ഇസ്മയിൽ റാവുത്തർ പറയും. മിഡിൽഈസ്റ്റിലെ ഫാഷൻ വസ്ത്ര വിപണിയിൽ സജീവമാണ് ഇസ്മയിൽ റാവുത്തറുടെ ഫൈൻഫെയർ ഗ്രൂപ്പ്.

കക്കുറിഞ്ഞിയിൽ അബ്ദുൾ ഖാദറിന്റെയും ആയിഷയുടേയും 12 മക്കളിൽ ഏഴാമനായ ഇസ്മയിൽ ബിസിനസിൽ എത്തിപ്പെട്ടത് യാദൃശ്ചികമായല്ല. പഠനകാലത്തേയുള്ള അടങ്ങാത്ത മോഹത്തിന്റെ സാഫല്യമാണ് ഇദ്ദേഹത്തിന്റെ ബിസിനസ് ശൃംഖല. ഫൈൻഫെയർ, കെയർ എന്നിവയാണ് അദ്ദേഹത്തിന്റെ ഫ്‌ലാഗ്ഷിപ്പ്‌
ബ്രാൻഡുകൾ.

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിടെക് ബിരുദം നേടിയ ഇസ്മയിൽ റാവുത്തർ നേരെ പോയത് ബിസിനസ് മാനേജ്‌മെന്റ് പഠിക്കാനാണ്. അങ്ങിനെ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന് മെൻസ് വെയർ ബ്രാൻഡായ സോഡിയാക്കിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എട്ടു വർഷം സോഡിയാക്കിൽ ജോലി നോക്കി.  യുഎഇയിലെ ഒരു കമ്പനിയിൽ സെയിൽസ് മാനേജർ ജോലി ലഭിച്ചപ്പോൾ ഗൾഫിലേക്ക്. 1997 ലാണ് ഇസ്മായിൽ റാവുത്തർ യുഎഇയിൽ എത്തുന്നത്. അങ്ങനെ അജ്മാനിലെ ഒരു ഗാർമെന്റ് എക്‌സ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനായി.

തൊട്ടടുത്ത വർഷം തന്നെ ഇസ്മയിൽ റാവുത്തർ സ്വന്തമായൊരു ഗാർമെന്റ് ട്രേഡിംഗ് കമ്പനി തുടങ്ങി. ഫൈൻ ഫെയർ എന്ന പേരിൽ. വിപണിയുടെ വാതായനങ്ങൾ ഇദ്ദേഹത്തിനായി തുറക്കുകയായിരുന്നു. 2002 ൽ ആദ്യത്തെ റീട്ടെയ്ൽ ഷോപ്പ് ആരംഭിച്ചു. പടിപടിയായി ഷോപ്പുകളുടെ എണ്ണം വർധിച്ചു. ഇപ്പോൾ യുഎഇ, ഒമാൻ, ബഹ്‌റിൻ, ഇന്ത്യ എന്നിവിടങ്ങളിൽ കെയർ, ഫൈൻഫെയർ ബ്രാൻഡുകളിൽ 33 റീട്ടെയ്ൽ ഷോപ്പുകളുണ്ട്.

 

ബിസിനസ് കൺസെപ്റ്റ്

ഫൈൻ ഫെയർ ഫാഷൻ ഷോപ്പ് മുന്നോട്ട് വയ്ക്കുന്നത് ഫാമിലി കൺസെപ്റ്റ്. ഒരു കുടുംബത്തിലെ എല്ലാവർക്കുമുള്ള വസ്ത്രങ്ങൾ ഇവിടെ ലഭ്യം. അതായത് പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾക്കുള്ള വൺ സ്റ്റോപ്പ്. ഫാഷൻ ഓറിയന്റഡാണ് കെയർ ഷോറൂമുകൾ. കുട്ടികൾക്കായുള്ള എക്‌സ്‌ക്ലൂസീവ് ഫാഷൻ വസ്ത്രങ്ങളാണ് കെയർ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നത്.

ഇറ്റലിയിലെ ഫ്‌ളോറൻസിൽ കെയറിന് സ്വന്തമായി വസ്ത്ര ഡിസൈൻ
സ്റ്റുഡിയോ ഉണ്ട്. കെയർ ഇറ്റലി എന്ന പേരിലാണ് ഈ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നാണ് ബ്രാൻഡിന് കീഴിലെ എല്ലാ വസ്ത്രങ്ങളുടെയും ഡിസൈനിംഗ് നടക്കുന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ സ്വന്തം ഫാക്ടറികളിലാണ് നിർമ്മാണം. യാൺ ടു ഗാർമെന്റ് എന്ന കൺസെപ്റ്റ്. സ്വന്തമായി ഡിസൈനിംഗും ഫാക്ടറിയും ഉണ്ടായാലുള്ള മെച്ചം ഇദ്ദേഹം വ്യക്തമാക്കുന്നു – ഗുണമേന്മ നിലനിർത്താം. ഉത്പന്ന വില കൃത്യമായി നിയന്ത്രിക്കാനുമാകും.

ദിവസവും പുതിയ ഡിസൈനുകൾ

എവരിഡേ ന്യൂ സ്റ്റൈൽ എന്നതാണ് കെയറിന്റെയും ഫൈൻഫെയറിന്റെയും ആപ്തവാക്യം. ഓരോ മാസവും പുതിയ 150 ഡിസൈനർ വസ്ത്രങ്ങളാണ് ഈ ബ്രാൻഡുകളിൽ പുറത്തിറങ്ങുന്നത്. അതായത് വർഷത്തിൽ 1800 പുതിയ ഡിസൈനുകൾ. മെറ്റീരിയൽ, നിറം, ഫിറ്റ്, പ്രിന്റ്, എംബ്രോയ്ഡറി എന്നിവയ്‌ക്കെല്ലാം ഫാഷൻ കൺസെപ്റ്റിൽ പ്രാധാന്യമുണ്ടെന്ന് ഇസ്മയിൽ റാവുത്തർ പറയുന്നു.

രണ്ടു വർഷം കഴിയുമ്പോൾ എന്തായിരിക്കും വസ്ത്ര ഡിസൈൻ എന്ന് മുൻകൂട്ടിക്കണ്ടാണ് വസ്ത്രങ്ങൾ തയാറാക്കുന്നത്. അടുത്ത ട്രെൻഡ് എന്താണെന്ന് മുൻകൂട്ടിക്കാണുന്നു എന്ന് അർത്ഥം. വേൾഡ് ഗ്ലോബൽ സ്‌റ്റൈൽ നെറ്റ് വർക്ക് (WGSN) ഉപയോഗപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത്. കെയർ ഈ നെറ്റ് വർക്കിൽ അംഗമാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഫാഷൻ ട്രെൻഡുകൾ അവതരിപ്പിക്കാനുമാകും.

വിശ്വാസ്യതയും സത്യസന്ധതയും

വിശ്വാസ്യതയും സത്യസന്ധതയും ഉണ്ടെങ്കിലേ ഏത് ബിസിനസും വിജയിക്കൂ എന്ന് ഇസ്മയിൽ റാവുത്തർ പറയുന്നു. വാല്യു ബേസ്ഡ് ബിസിനസാണ് എന്റേത്. സമൂഹത്തിന് വേണ്ടിയാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. അടുത്ത 15 വർഷത്തിനുള്ളിൽ ചിൽഡ്രൻസ് ഗാർമെന്റ്‌സിൽ ആഗോള ബ്രാൻഡായി മാറുകയാണ് കെയറിന്റെ ലക്ഷ്യം.

ലോകത്തിലെ അതിസമ്പന്നരിൽ ആദ്യ നൂറിൽ കുറെപ്പേരുണ്ടാകും ഇന്ത്യയിൽ നിന്ന്. എന്നാൽ ഏറ്റവും പ്രശസ്തമായ ലോക ബ്രാൻഡുകളിൽ ആദ്യ നൂറിൽ ഒറ്റ ഇന്ത്യൻ ബ്രാൻഡ് പോലും ഇല്ല. ആദ്യ നൂറിലെ ഒരു ബ്രാൻഡായി കെയറിനെ മാറ്റും – ആത്മവിശ്വാസത്തോടെ ഇസ്മയിൽ റാവുത്തർ പറഞ്ഞു.

Fine-Fair-Stores-Bigവിപുലമായ പദ്ധതികൾ

ബിസിനസ് രംഗത്ത് വിപുലമായ വികസനപദ്ധതികളാണ് ഇസ്മായിൽ റാവുത്തരുടെ മനസിലുള്ളത്. 2015 ൽ മൊത്തം 50 ഷോപ്പുകളാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. 2020 ൽ 500 ഷോപ്പുകളും. മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക്ക് മേഖലകളിലായിരിക്കും ഈ ഷോപ്പുകൾ അത്രയും ആരംഭിക്കുക. ഇവയിൽ 200 എണ്ണം സ്വന്തവും 300 എണ്ണം ഫ്രാഞ്ചൈസി സ്റ്റോറുകളുമായിരിക്കും. പ്രശസ്ത ഫാഷൻ സിറ്റികളായി മിലാൻ, പാരീസ്, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകൾ തുറക്കാനും പദ്ധതിയുണ്ട്.

ഇപ്പോൾ കേരളത്തിൽ നാല് ഷോപ്പുകൾ മാത്രമാണുള്ളത്. 2020 ൽ ഇത് 50 ആയി വർധിപ്പിക്കാനാണ് കെയർ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ 40 മില്യൺ ഡോളറാണ് വിറ്റുവരവ്. 2020 ൽ വിറ്റുവരവ് ഒരു ബില്യൺ ഡോളറാകുമെന്നാണ് ഇസ്മയിൽ റാവുത്തറുടെ പ്രതീക്ഷ.

റോത്തർ എന്ന പേരിൽ പുരുഷൻമാർക്കും മുംതാസ് എന്ന പേരിൽ സ്ത്രീകൾക്കുമുള്ള വസ്ത്രബ്രാൻഡുകൾ ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിലെ ഉത്പന്ന ശ്രേണി കൂടുതൽ വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് ഇസ്മയിൽ റാവുത്തർ. വസ്ത്ര ബ്രാൻഡിന് അപ്പുറം കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, ലിനൻ ഐറ്റംസ് എന്നിവയിലേക്കും ബിസിനസ് വ്യാപിപ്പിക്കുമെന്നും ഇസ്മയിൽ റാവുത്തർ വ്യക്തമാക്കി. 2016 ഓടെ ഈ മൂന്ന് വിഭാഗങ്ങളിലും ഉത്പന്നങ്ങൾ പുറത്തിറങ്ങും. വൈകാതെ ഓൺലൈൻ ബിസിനസ് രംഗത്തും കെയറും ഫൈൻഫെയറും സജീവമാകും.

ചില മോഹങ്ങൾ

ഐഐഎം അഹമ്മദാബാദിൽ നിന്ന് റീട്ടെയ്ൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ നേടിയിട്ടുണ്ട് ഇസ്മയിൽ റാവുത്തർ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒരു ബിസിനസ് കോഴ്‌സ് പൂർത്തിയാക്കണമെന്നത് ഇദ്ദേഹത്തിന്റെ മോഹമായിരുന്നു. അധികം വൈകാതെ തന്നെ അതും സാധ്യമാകും. ഹാർവാർഡിൽ ഒരു എക്‌സിക്യൂട്ടീവ് കോഴ്‌സിന്  ചേർന്നു കഴിഞ്ഞു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഇസ്മയിൽ റാവുത്തർ ഇതിനോടകം 40 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. 100 രാജ്യങ്ങൾ സന്ദർശിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

സാമൂഹ്യ സേവനം

ബിസിനസ് മാൻ എന്നതിനപ്പുറം നല്ലൊരു സാമൂഹ്യ പ്രവർത്തകർ കൂടിയാണ് ഇസ്മയിൽ റാവുത്തർ. നോർക്ക റൂട്ട്‌സ് ഡയറക്ടറാണ് ഇപ്പോൾ. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്, എറണാകുളം പ്രവാസി വെൽഫയർ അസോസിയേഷൻ രക്ഷാധികാരി തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ  വേറെയും.

നല്ലൊരു കൈതച്ചക്ക കർഷകൻ കൂടിയാണ് ഇസ്മയിൽ റാവുത്തർ. 2011 ൽ കേരള സർക്കാരിന്റെ ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾ ശ്രീ അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. ഇപ്പോൾ ഔഷധ സസ്യങ്ങളുടെ തോട്ടമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇസ്മയിൽ റാവുത്തർ. മുംതാസാണ് ഭാര്യ. ലണ്ടനിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ഐഷ, മെഡിസിന് പഠിക്കുന്ന ഫാത്തിമ, വിദ്യാർത്ഥിനിയായ സാറ എന്നിവരാണ് മക്കൾ.

സഹൽ സൈനുദ്ദീൻ